Pages

Ads 468x60px

..

Monday, September 02, 2013

വഴിയമ്പലം


ഴകറവിന്‍റെ മാംസച്ചന്തകളില്‍
ഉടലാട്ടങ്ങളുടെ പൊന്‍പണത്തിളക്കം.
കമ്പോളക്കടലില്‍ വമ്പൊടുങ്ങാത്ത 
സ്ത്രീത്വത്തിന്റെ ചാകരക്കൊയ്ത്ത്!

ധരാധരം നുണഞ്ഞയാദ്യവധ(1) ചുടു -
നിണത്തിനുമുണ്ടൊരു നാരീ ഗന്ധമെങ്കിലും
പ്രണയം, ലോകാത്ഭുത രമ്യഹര്‍മ്മ്യങ്ങളില്‍ 
ശിരസ്സുയര്‍ത്തിപ്രണമിക്കുന്നു,നാരിയെ......!!(2)


വേശ്യതന്‍ വശ്യ കാമനത്തളികയി-
ലറുത്തിട്ട  ശിരസ്സിലൊഴുകുന്നു,
പെണ്‍ഭ്രമത്തിനധികാര ദുശ്ശാസനം.(3)

കുഴിച്ചിട്ട(4) പെണ്‍കുഞ്ഞിന്‍ മണ -
ലാഴങ്ങളിലലറിയ കരളുകളുടെ
ഉള്ളുയിരിനു തീകൊടുത്തു,മനംനൊന്ത 
വിശ്വവിമോചന സ്നേഹശാസനം.

അഴിച്ചിട്ട(5) കാര്‍കൂന്തലിലാടിയുലഞ്ഞ
അധര്‍മ്മ സിംഹാസനങ്ങളില്‍ 
മുഴങ്ങുന്നിന്നും പണയപ്പെടുന്ന
പെണ്‍ശപഥങ്ങളുടെ അകംവിളി.........!!

പ്രലപനങ്ങളില്‍ പ്രകോപനം കത്തിക്കു-
മാപല്‍ തീജ്വാലകളില്‍ വംശ വെറികള്‍ 
അടിവേരടയാളങ്ങള്‍ക്കും വിഷശരമെയ്യവേ,
കേള്‍ക്കുന്നില്ലേ,അരുതേ,അരുതേയെന്ന 
മരുപ്പച്ചകള്‍ തഴുകിയുണര്‍ന്നെത്തുമരുമ
പ്രത്യാശകളുടെ വേദവിളി ..........!!

___________________________________
(1)-ആദമിന്‍റെ മക്കള്‍ തമ്മില്‍ നടന്ന ആദ്യ വധം.
(2)-താജ്മഹല്‍ 
(3)-യോഹന്നാന്‍ പ്രവാചകന്‍റെ ശിരസ്സറുത്ത സംഭവം.
(4)-അറേബ്യയില്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചിട്ടിരുന്ന മുഹമ്മദ്‌ നബിക്കു
മുമ്പു നടന്നിരുന്ന കിരാത സമ്പ്രദായം.
(5)ദ്രൌപദി ശപഥം
**************

11 comments:

 1. നന്നായിട്ടുണ്ട് ഇക്കാ...

  ReplyDelete
 2. ഉറന്നൊഴുകുന്ന അക്ഷര പ്രവാഹം... അതുല്യങ്ങളായ ഒട്ടനവധി നിരീക്ഷണ പാഠവങ്ങളിലൂടെയുള്ള വരികൾക്ക്‌ ന്റെ നന്ദി ഇക്കാ.. ആദരവോടെ..

  ReplyDelete
 3. നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തമായ സല്‍ക്കര്‍മ്മചിന്തകള്‍ വര്‍ഷിക്കുന്ന സൌമ്യമായ ഒരക്ഷരമഴ.ആ അക്ഷരത്തുള്ളികള്‍ മനസ്സിന്‍ കണ്ണുകളെ ചരിത്രകാലങ്ങളുടെ ആകാശത്തെക്ക് നോക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.അങ്ങിനെ കവി തന്റെ കടമ നിര്‍വ്വഹിച്ചിരിക്കുന്നു

  ReplyDelete
 4. നിലവിളികൾക്ക് അവസാനമില്ല.സ്മാരകശിലകളിലും,ചരിത്രം വീമ്പു പറയുന്ന സാംസ്ക്കാരിക സുവർണ്ണ ഏടുകളിലും മറഞ്ഞിരിക്കുന്ന നിലവിളികൾ കവി തുറന്നു കാട്ടുന്നു. ശക്തമായ രചന. കൈ വഴക്കം വെളിവാക്കുന്ന പദവിന്യാസങ്ങൾ. എന്തു കൊണ്ടും മികച്ച ഒരു കവിത.വളരെ ഇഷ്ടമായി.

  ശുഭാശംസകൾ സർ...

  ReplyDelete
 5. പ്രത്യാശകളുടെ വേദവിളി നിലവിളികൾ ഇല്ലാത്ത ലോകത്തിലേക്ക്‌ നയിക്കട്ടെ നല്ല വരികൾ

  ReplyDelete
 6. പുരാണ-ചരിത്ര കഥാപാത്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഴുതിയ കവിത വളരെ നന്നായി.
  ഭാവുകങ്ങൾ.

  ReplyDelete
 7. കവിതകളെ കുറിച്ച് ആധികാരികമായി പറയാൻ അറിയില്ലെങ്കിലും ശ്രമിക്കാറുണ്ട് വായിക്കാനും അറിയാനും .
  "ഒരിറ്റ് " പലപ്പോഴും വരുന്നത് നല്ല ഭാഷകളുടെ സമ്മേളനമാണ്‌ . പുതിയ പദങ്ങളും അറിയുന്നു . സന്തോഷം ,

  ReplyDelete
 8. പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി ...നന്ദി ...

  ReplyDelete
 9. കവിതയുടെ ശക്തമായ ഭാഷ നന്നായി.വിശദീകരണക്കുറിപ്പ് കവിതയിൽ ആദ്യമായാണ് കാണുന്നത്..മനസ്സിലാക്കാൻ അത് ഏറെ ഉപകാരപ്രദവുമാണ്

  ReplyDelete
 10. ഇങ്ങനെ ചില കരച്ചിലുകൾ ഇത്തരം ഇടനാഴികളിൽ പമ്മിക്കിടപ്പുണ്ട്. ആഘോഷ വാദ്യങ്ങളിൽ അശ്രീകരം അസ്സത്തുക്കൾ എന്നൊക്കെയാണ് എക്കാലത്തും നാമങ്ങൾ. ചിലരതിനെ കണ്ടെടുക്കുന്നു. ഇങ്ങനെ ഉറക്കെ കേൾപ്പിക്കുന്നു. ആശംസകൾ.!

  ReplyDelete
 11. "കേള്‍ക്കുന്നില്ലേ,അരുതേ,അരുതേയെന്ന
  മരുപ്പച്ചകള്‍ തഴുകിയുണര്‍ന്നെത്തുമരുമ
  പ്രത്യാശകളുടെ വേദവിളി"
  ആശംസകൾ !

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge