Pages

Ads 468x60px

..

Saturday, August 03, 2013

ബി.ജെ.പിയും കോണ്‍ഗ്രസും അബ്ദുന്നാസിര്‍ മഅ്ദനിയും _സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിനരേന്ദ്ര മോഡിയും ഉമ്മന്‍ ചാണ്ടിയും ഇന്ത്യയിലെ രണ്ട് ദേശീയ പാര്‍ട്ടികളുടെ പ്രതിപുരുഷന്മാരായ നേതാക്കളാണ്. ബി.ജെ.പി നരേന്ദ്ര മോഡിക്കും കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഉമ്മന്‍ ചാണ്ടിക്കും അപ്രമാദിത്വവും ആദര്‍ശ പുരുഷത്വവും കല്‍പിച്ചുകൊടുക്കുകയും ചെയ്തുവരുന്നുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നരേന്ദ്ര മോഡി, ഗുജറാത്ത് വംശഹത്യയുടെ പേരിലും പൊതുഖജനാവിന് കോടികള്‍ നഷ്ടംവരുത്തിയിട്ടുപോലും കോടീശ്വരന്മാരായ മുതലാളിമാര്‍ക്ക് ആനുകൂല്യം നല്‍കുന്ന ‘വികസനനയ’ത്തിന്‍െറ പേരിലും വാര്‍ത്താപ്രാധാന്യം നേടി. കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയാകട്ടെ ‘യു.എന്‍ പുരസ്കാര’ത്തിന്‍െറ പേരിലും സോളാര്‍ കുംഭകോണത്തിന്‍െറ പേരിലും ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇടവരുകയും ചെയ്തു. സ്വന്തം മന്ത്രിസഭാംഗമായ മായ കൊട്നാനി നേരിട്ട് പങ്കെടുത്ത ഗുജറാത്തിലെ മുസ്ലിം വംശഹത്യയില്‍ തനിക്കൊരു ധാര്‍മികോത്തരവാദിത്തവും ഇല്ളെന്ന് ആണയിടുന്നു എന്നതിന്‍െറ പേരിലാണ് നരേന്ദ്ര മോഡിക്ക് ആദര്‍ശപരിവേഷവും അപ്രമാദിത്വവും ബി.ജെ.പിക്കാര്‍ കല്‍പിച്ചുകൊടുത്തിരിക്കുന്നത്. ഇതുപോലെ സ്വന്തം ഓഫിസിനും സ്റ്റാഫംഗങ്ങള്‍ക്കും ഗാഢബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതിനകം ബോധ്യമായ സോളാര്‍ കുംഭകോണത്തില്‍, തനിക്ക് ഒരു ധാര്‍മികോത്തരവാദിത്തവും ഇല്ളെന്ന് ആണയിട്ടുവരുന്നതിനാലാണ് ഉമ്മന്‍ ചാണ്ടിക്ക് അപ്രമാദിത്വവും ആദര്‍ശപരിവേഷവും ചാര്‍ത്തിക്കൊടുക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡും തയാറായിരിക്കുന്നത്. ‘നിങ്ങള്‍ക്ക് നരേന്ദ്ര മോഡി വികസന നായകനായ ആദര്‍ശ പുരുഷനാണെങ്കില്‍ ഞങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി വികസന നായകനായ വിശുദ്ധ പുരുഷനാണെ’ന്നാണ് കോണ്‍ഗ്രസ് ബി.ജെ.പിയോട് പറയുന്നതെന്ന് ചുരുക്കം.
ഇപ്രകാരം നരേന്ദ്ര മോഡിക്ക് അപ്രമാദിത്വം കല്‍പിക്കുന്ന ബി.ജെ.പിയും ഉമ്മന്‍ ചാണ്ടിക്ക് അപ്രമാദിത്വം കല്‍പിക്കുന്ന കോണ്‍ഗ്രസും പൊതുജനം അഭിലഷിക്കുന്ന ‘ധാര്‍മികത’യുടെ കാര്യത്തില്‍ ഒരേ നുകത്തില്‍ പൂട്ടാവുന്ന നിലവാരത്തിലേക്ക് നാലുകാലോടെ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് വ്യക്തമായിക്കഴിഞ്ഞു.
‘ധാര്‍മികോത്തരവാദിത്ത’ത്തിന്‍െറ കാര്യത്തില്‍ മാത്രമല്ല വിദേശനയം, സാമ്പത്തികനയം തുടങ്ങിയ കാര്യങ്ങളിലും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസവും ഇല്ല. ഇന്ത്യാ മഹാരാജ്യത്തിന്‍െറ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്ക ശ്രമിച്ചു എന്നതിന് ഉപോദ്ബലകമായ തെളിവുകള്‍ പുറത്തുവിട്ട സ്നോഡന് അഭയം നല്‍കുമെന്ന് പ്രസ്താവിക്കാനുള്ള ധൈര്യംപോലും ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ടായില്ല. ഇന്ത്യയുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച അമേരിക്കക്ക് മുഖമടച്ചൊരു പ്രഹരം നല്‍കാന്‍ ഇന്ത്യ സ്നോഡന് അഭയം നല്‍കണമെന്ന് പറയാനുള്ള ദേശാഭിമാനബോധം ‘പെറ്റമ്മയും പിറന്നനാടും സ്വര്‍ഗത്തേക്കാള്‍ വലുതാണെ’ന്ന ശ്രീരാമവാക്യം മുദ്രാവാക്യമാക്കി കൊണ്ടുനടന്ന ബി.ജെ.പിക്കും ഉണ്ടായില്ല. ഇത് തെളിയിച്ചത് അമേരിക്കക്ക് അനിഷ്ടകരമായതൊന്നും ചെയ്ത് ദേശഭക്തി പ്രകടിപ്പിക്കേണ്ടതില്ല എന്നിടത്താണ് ബി.ജെ.പിയും കോണ്‍ഗ്രസും വന്നത്തെി നില്‍ക്കുന്നത് എന്ന് മാത്രമാണ്.
അതിനാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ ദാസ്യം പേറുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമാണെന്ന കാര്യത്തില്‍ യഥാര്‍ഥ ദേശഭക്തര്‍ക്ക്, അഥവാ അമേരിക്കനൈസേഷനെ എല്ലാ അര്‍ഥത്തിലും എല്ലായ്പ്പോഴും അപലപിച്ചുകൊണ്ട് ജീവിച്ച മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക്, ഇപ്പോള്‍ ലവലേശം സംശയമില്ല.
കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന നേരിയ തോന്നലെങ്കിലും അവശേഷിച്ചിരുന്നത് ആഭ്യന്തര കാര്യങ്ങളുടെ മേഖലയിലായിരുന്നു. ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ പാഴ്സിയോ സിഖുകാരനോ ജൈനനോ ബൗദ്ധനോ എന്നു നോക്കാതെ ഏതൊരിന്ത്യന്‍ പൗരനും ഭരണഘടനാനുസൃതമായ നീതി കിട്ടുന്നതിനും അയാളുടെ മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുന്നതിനും ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇടയുണ്ടാകുമെന്ന ഒരു ധാരണ പൊതുജനങ്ങള്‍ പുലര്‍ത്തിവന്നിരുന്നു. ഇതിന്‍െറ ഭാഗമായാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലത്തെിയപ്പോള്‍ അബ്ദുന്നാസിര്‍ മഅ്ദനി എന്ന വികലാംഗനും രോഗിയുമായ ഇന്ത്യന്‍ പൗരന് ‘ജാമ്യം’ എന്ന നീതിയെങ്കിലും നല്‍കാനുള്ള മാനുഷിക പരിഗണന കര്‍ണാടക സര്‍ക്കാറില്‍നിന്നുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചത്. എന്നാല്‍, ബി.ജെ.പി സര്‍ക്കാറിന്‍െറ പൊലീസ് പോലും കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടില്ലാത്ത പുതിയ കുറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തി മഅ്ദനിയുടെ ജാമ്യാപേക്ഷയെ നിഷ്കരുണം എതിര്‍ക്കുന്ന അന്യായ നടപടിയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവലംബിച്ചത്. ഇതിലൂടെ കോണ്‍ഗ്രസ് തെളിയിച്ചത് അവരുടെ ‘മൃദുഹിന്ദുത്വ’ നിലപാടല്ല, മറിച്ച് മതേതരത്വം എന്ന ആട്ടിന്‍തോല്‍ പുതച്ച ‘തീവ്രഹിന്ദുത്വ’ നിലപാടുതന്നെയാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തെ നരേന്ദ്ര മോഡിയുടെ ബി.ജെ.പി എന്ന ചെന്നായ നേരെ കടിച്ചുകീറുന്നു; കോണ്‍ഗ്രസാകട്ടെ ആട്ടിന്‍തോലണിഞ്ഞുനിന്ന് കടിച്ചുകീറുന്നു. ഫലത്തില്‍ രണ്ടും ചെന്നായത്തരംതന്നെ! ചെന്നായയാണോ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണോ നാടുഭരിക്കേണ്ടത് എന്ന ചോദ്യത്തിന് ചെന്നായകള്‍ നാടുവാഴേണ്ട എന്ന് വിധിയെഴുതാവുന്ന വിവേകത്തിന്‍െറ നിലവാരത്തിലേക്ക് പൊതുതെരഞ്ഞെടുപ്പുവേളയില്‍ ഉയരാന്‍ ഇന്ത്യന്‍ പൗരാവലി തയാറാകണം. എങ്കില്‍ മാത്രമേ വര്‍ഗീയവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ ദേശാഭിമാനത്തോടെ മതേതര ജനാധിപത്യ ഭാരതത്തിന്‍െറ വികസനം സുഭദ്രമായി മുന്നോട്ടുകൊണ്ടുപോകാനാവൂ.
അബ്ദുന്നാസിര്‍ മഅ്ദനി രാജ്യദ്രോഹപരമായ ഏതോ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയാണെന്ന് ആരോപിച്ചാണ് തമിഴ്നാട് സര്‍ക്കാര്‍ അദ്ദേഹത്തെ ഒരു ദശവര്‍ഷത്തോളം ജയിലിലടച്ചത്. 10 വര്‍ഷത്തെ കൊണ്ടുപിടിച്ച അന്വേഷണത്തിനുശേഷവും മഅ്ദനിക്കുമേല്‍ ചാര്‍ത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ തമിഴ്നാട് സര്‍ക്കാറിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് കോടതി മഅ്ദനിയെ നിരുപാധികം വെറുതെ വിട്ടത്. അതേ മഅ്ദനിയെ തന്നെയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ബംഗളൂരു സ്ഫോടനത്തിലെ ഗൂഢാലോചനക്കുറ്റം ചുമത്തി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലടച്ചത്. മതിയായ രേഖകളോടെ, മഅ്ദനിക്കുമേല്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ കര്‍ണാടക പൊലീസിന് കഴിയുമെന്ന് എന്തുറപ്പാണുള്ളത്. ഒരു ഉറപ്പും നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കഴിയാത്ത നിലയില്‍ മഅ്ദനി എത്ര കാലം ഇനി അന്യായത്തടങ്കലില്‍ കഴിയണം? ജയിലില്‍നിന്ന് മതിയായ വൈദ്യസഹായം നല്‍കാന്‍പോലും മഅ്ദനിയെ പുറത്തുവിടാതെ അന്വേഷിച്ചിട്ടും കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അദ്ദേഹത്തിന്‍െറ പങ്കാളിത്തമെന്തെന്ന് കോടതിയെ ബോധ്യപ്പെടുത്താനാകാതെപോയ നമ്മുടെ അന്വേഷണ ഏജന്‍സികള്‍, മഅ്ദനിക്ക് അന്യായമായി നഷ്ടപ്പെടുത്തിയത് അദ്ദേഹത്തിന്‍െറ 10 വര്‍ഷത്തെ പൊതുജീവിതവും സ്വകാര്യ ജീവിതവുമാണ്. അത് മഅ്ദനിക്ക് തിരിച്ചുകൊടുക്കാവുന്നവിധം സമയത്തിന്‍െറയും ആയുസ്സിന്‍െറയും നിയന്ത്രണാധികാരമുള്ള ഏതെങ്കിലും ഭരണകൂടമോ നീതിപീഠമോ ലോകത്തൊരിടത്തും നിലവിലില്ലല്ളോ. അതിനാല്‍ തെറ്റായ നീതിനിര്‍വഹണവും നിയമനടപടികളും ഒരു മനുഷ്യനെന്ന നിലക്കും പൗരനെന്ന നിലയിലും മഅ്ദനിക്ക് നഷ്ടപ്പെടുത്തിയ 10 വര്‍ഷങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലെങ്കിലും അദ്ദേഹത്തിന് ജാമ്യം അനുവദിക്കാനുള്ള നൈതിക ധാര്‍മികതയും മാനുഷിക പരിഗണനയും ഇനിയെങ്കിലും ഇന്ത്യന്‍ നീതിപീഠങ്ങള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. മഅ്ദനിക്കുവേണ്ടി ജാമ്യം നില്‍ക്കാന്‍ കേരള നിയമസഭയും അതുവഴി മുഴുവന്‍ കേരളീയരും സന്നദ്ധമാണെന്നിരിക്കെ, തെളിയിക്കാനാകുമെന്ന് ഒരു ഉറപ്പുമില്ലാത്ത കുറ്റങ്ങള്‍കൂടി ചേര്‍ത്തുകെട്ടി മഅ്ദനിയുടെ ജാമ്യാപേക്ഷയെ പ്രതിരോധിച്ച കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ നടപടിയിലൂടെ അപമാനിക്കപ്പെട്ടിരിക്കുന്നത് മുഴുവന്‍ കേരളീയരുമാണ്. ഈ അപമാനത്തിന് കേരളീയരോട് സമാധാനം പറയാനുള്ള ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അത് അവരെക്കൊണ്ട് ചെയ്യിപ്പിക്കാനുള്ള വീറും വാശിയും വിവേകവും കാണിക്കാന്‍ അഞ്ചാംമന്ത്രിക്കാര്യത്തിലെന്നപോലെയെങ്കിലും കോണ്‍ഗ്രസിന്‍െറ സഖ്യകക്ഷിയായ മുസ്ലിംലീഗിന് കഴിയേണ്ടതുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് ഉചിതമായ നടപടികള്‍ എടുത്താല്‍ അത് കോണ്‍ഗ്രസിനും ലീഗിനും ‘മുഖം മിനുക്കാന്‍’ സഹായകമാവും; ഇല്ളെങ്കില്‍ മുഖം കൂടുതല്‍ വികൃതമാവുകയും ചെയ്യും.
ഇന്ത്യയിലെ ഏതു ഹൈകോടതി വിധിയും ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ ആധികാരിക പ്രമാണങ്ങളാണ്. അതിനാല്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കുറ്റമുക്തനാക്കി നിരുപാധികം വിട്ടയച്ച മദ്രാസ് ഹൈകോടതി വിധികൂടി പരിഗണിച്ച്, മഅ്ദനിക്ക് ജാമ്യംപോലും നിഷേധിച്ച് അദ്ദേഹത്തെ വീണ്ടും അന്യായത്തടങ്കലില്‍ തളച്ചിടാനുള്ള കര്‍ണാടക സര്‍ക്കാറിന്‍െറ നീക്കത്തെ ചോദ്യംചെയ്യാനുള്ള ആധികാരികമായ നീതിബോധം മുഴുവന്‍ മലയാളികള്‍ക്കും ഉണ്ടാവണം. കാരണം, കോയമ്പത്തൂര്‍ സ്ഫോടനക്കേസിന് സമാനമായ കേസാണ് ബംഗളൂരു സ്ഫോടനക്കേസും. ഇതില്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലാണ് 10 വര്‍ഷത്തെ അന്യായത്തടങ്കലിനുശേഷം മഅ്ദനി കുറ്റവാളിയല്ളെന്ന ഉത്തമബോധ്യത്തിന്‍െറ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈകോടതി മഅ്ദനിയെ വെറുതെ വിട്ടത്. അതിനാല്‍ ബംഗളൂരു സ്ഫോടനക്കേസില്‍ അന്യായത്തടങ്കല്‍ എന്ന അനീതി- നിരപരാധിയെ ശിക്ഷിച്ച് നീതിന്യായവ്യവസ്ഥ അപമാനിക്കപ്പെടുന്ന ദുരവസ്ഥ- ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ണാടകയിലെ നീതിപീഠങ്ങള്‍ മഅ്ദനിയെ സംബന്ധിച്ച കേസ് കൈകാര്യം ചെയ്യുമ്പോള്‍ മദ്രാസ് ഹൈകോടതിയുടെ വിധിന്യായംകൂടി പരിഗണിക്കാനുള്ള ജാഗ്രത കാണിക്കണം. അതിന് പ്രേരകവും സഹായകവുമായ നിയമപോരാട്ടങ്ങള്‍ കോടതിക്കുള്ളിലും പുറത്തും നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും പൊതുജനങ്ങളും അവധാനതയോടെ നടത്തേണ്ടതുമുണ്ട്. അന്യായത്തടങ്കല്‍ ആവര്‍ത്തിക്കരുത് എന്നതായിരിക്കണം ആ പോരാട്ടങ്ങളുടെ അടിസ്ഥാന മുദ്രാവാക്യം. ഇത്തരം പോരാട്ടങ്ങളെ മാനിക്കാതെ തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെട്ടവര്‍ നീതിക്കുവേണ്ടി പ്രതികരിക്കുമ്പോള്‍, അവരെയൊക്കെ രാജ്യദ്രോഹികളും ഭീകരവാദികളുമാക്കി മുദ്രകുത്തി വേട്ടയാടുന്ന ഭരണകൂടത്തിനും അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനാധിപത്യത്തിന്‍െറ ഉടലല്ലാതെ ഉയിരുണ്ടെന്ന് കരുതാന്‍ ഒരു ജനാധിപത്യ മാനവനും സാധ്യമല്ല- ഇക്കാര്യം ഉറക്കെപ്പറയാന്‍ ഇറോം ശര്‍മിളയും അബ്ദുന്നാസിര്‍ മഅ്ദനിയും ഓരോ ഇന്ത്യന്‍ പൗരനെയും പ്രേരിപ്പിക്കുന്നു

***********
( കടപ്പാട് -മാധ്യമം ദിനപത്രം _3/8/13)
____________

5 comments:

 1. ചെന്നായയും ആട്ടിന്‍തോലിട്ട ചെന്നായയും കഴിഞ്ഞാല്‍ തെരഞ്ഞെടുക്കാനൊന്നുമില്ലാത്ത പാവം ജനം!!

  ReplyDelete
 2. ഉള്ളുരുക്കങ്ങളില്‍ നിന്നും ഉയിര്‍കൊണ്ട വാക്കുകള്‍

  ReplyDelete
 3. അജിത്തേട്ടൻ പറഞ്ഞിടത്താണ് സംഭവങ്ങളുടെ ട്വിസ്റ്റ്. ജനത ഇരുട്ടിൽ തപ്പിക്കൊണ്ടേ ഇരിക്കുന്നു.

  ReplyDelete
 4. ആയിരം നരേന്ദ്രമോഡിമാര്‍ രക്ഷപ്പെട്ടാലും ഒരു മദനികൂടി ശിക്ഷിക്കപ്പെടാതിരിക്കരുത്.

  ReplyDelete
 5. പൊതുജനം എന്തെല്ലാം കേള്ക്കണം, സഹിക്കണം.

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge