Pages

Ads 468x60px

..

Thursday, April 23, 2015

ഒരേതീരം ......!


വെള്ള വിരിപ്പിലെ നിണ-
                             ത്തുള്ളിയിലിരു പ്രാണനുകള്‍                                    
തിളച്ചുമറിഞ്ഞൊന്നായതിന്റെ
ധവളപത്രമെന്ന്,ഒളിഞ്ഞും -
തെളിഞ്ഞും നമ്മെ കളിയാക്കി 
ഇക്കിളി കൂട്ടിയവര്‍ ......!

'മുറ തെറ്റിയ' മറയിലൊരമ്പിളി-
ക്കീറ് 'മാനം'മൊട്ടിട്ട മിടിപ്പുകളാകവേ,
തൊട്ടും തടഞ്ഞും തലോടി,പലവഴി 
നിന്നെപ്പൊതിഞ്ഞ സ്നിഗ്ധമാം 
സ്നേഹക്കാറ്റുകളും.......!

മോണകാട്ടിയ ജന്മസാഫല്യം, 
നിണമണിഞ്ഞ വിതുമ്പലുകള്‍ -
ക്കൊരായുസ്സിന്‍ വരവേല്‍പ്പുത്സവമായി 
നിറവര്‍ണ്ണങ്ങള്‍ ചാലിച്ചതും;
നെഞ്ചകങ്ങളില്‍ കിളി കൊഞ്ചലുകള്‍ 
മൊഞ്ചിനി,ശലുകളായി തിമിര്‍ത്തു പെയ്തതും;
ഇരു കരകള്‍ക്കുമ്മ പകര്‍ന്ന ജീവല്‍-
സ്വരൂപ പുളകോര്‍മ്മകള്‍,നമുക്കെന്നും!

ഗമനാഗമനങ്ങളിലഹര്‍ന്നിശമിണ-
ക്കുരുവികളായി,ഒരുകരളുമിരു-
മെയ്യുമനുരാഗ വിപഞ്ചിക മീട്ടി മീട്ടി 
നരച്ചു നുരച്ചു കിതച്ചില്ലേ ഇന്നോരോ കുതിപ്പും!

മതിയെന്നുരുവിടുമിനിയൊരു നാളോ,ര്‍ക്കാതെ
മൃതിയെന്ന കേവഞ്ചിക്കാര,നപ്പോള്‍ 
വേറിട്ടന്യരായി,ഒറ്റയ്ക്കൊറ്റയ്ക്കു നീയും -
ഞാനുമൊരേ തീരത്തണയണം,
വിധിപോല്‍ .............!!
*************
(image:google)


17 comments:

 1. 'ജാലകം അഗ്രിഗേറ്റര്‍' ഇവിടെ പണിമുടക്കിലാണ് .വിവരം പലരും അറിയാതെ പോകുന്നത് അതുകൊണ്ടാണ് ....വിഷയം എന്‍റെ പരിധിക്കപ്പുറവും . കാരണവും അറിയില്ല .അവരെ പലതവണ അറിയിച്ചതാണ്......Sorry ട്ടോ !

  ReplyDelete
 2. അതിഗഹനമായ കവിത.

  ReplyDelete
  Replies
  1. തുടക്കം തന്നെ ചുരുക്കമെങ്കിലും അര്‍ത്ഥ ഗാംഭീര്യം ഉള്‍ക്കൊണ്ട പ്രതികരണത്തിന് നന്ദി ,പ്രിയ സുഹൃത്തേ.....

   Delete
 3. ജീവിത നദി.... ആദ്യ രാത്രിമുതല്‍ ജീവിതാവസാനം വരെ നീളുന്ന ജീവിതത്തിന്‍റെ ധന്യമുഹൂര്‍ത്തങ്ങള്‍ കാവ്യാത്മകമായി വരച്ചത് വായിക്കുമ്പോള്‍ ഒരു നദിയുടെ ഗതിവിഗതികളിലൂടെ മനസ്സും ഒഴുകിപ്പോകും. ഓരോ പാരഗ്രാഫിലും ഒതുക്കിയ ജീവിത ചിത്രങ്ങള്‍ അതിമനോഹരം. ആദ്യത്തെ നാലുവരികള്‍ക്കൊണ്ട് പണ്ടത്തെ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞു തീര്‍ത്തത്..! മരണത്തിന്റെ തീരത്ത്‌ ഒറ്റപ്പെടുന്ന ഇണകള്‍ .. നദിയും വള്ളക്കാരനും.. മനോഹരം... താങ്കളുടെ മികച്ച കവിതയില്‍ ഒന്ന് ഇതുതന്നെയാണ്.

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തേ ഹൃദയം നിറഞ്ഞ നന്ദി .....ഭാവനയുടെ മേമ്പൊടി കുറച്ചധികം ഉപയോഗിച്ചിട്ടുണ്ട് ഞാനിവിടെ.വിശിഷ്യാ താങ്കള്‍ സൂചിപ്പിച്ച ആദ്യത്തെ നാലു വരിയില്‍ !ഒരു കവിക്ക്‌ കയ്യിലെടുക്കാവുന്ന സ്വാതന്ത്ര്യം !അതിശയോക്തിയല്ല.പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ യഥാവിധി വിളമ്പിയാല്‍ അതു ശരിക്കും 'എന്‍റെ കഥ'യാവും !ഇവിടെ പലരുടെയും സ്വര്‍ഗ്ഗവും സര്‍ഗ്ഗവുമായ 'പുതുക്കങ്ങള്‍ ' എന്‍റെ കാല്‍പനികതയില്‍ വരച്ചിട്ടതാണ്. പ്രിയ സുഹൃത്ത് വായിച്ചെടുത്തതും അതു തന്നെയാണ് ....ഒരുപാട് നന്ദി !

   Delete
 4. പ്രാണനുകൾ സോല്ലാസം രമിച്ചതിന്റെ ബാക്കിപത്രമായ നിണത്തുള്ളികൾ,പ്രത്യാശയുടെ അമ്പിളിക്കീറ് ,ഉറ്റവരുടെയും ഉടയവരുടെയും സ്നേഹക്കരുതലുകൾ,മുറിവേൽക്കാത്ത ശാസനകൾ,ജന്മ സാഫല്യത്തിന്റെ കുഞ്ഞിക്കാലുകൾ,ആനന്ദത്തിന്റെ താരാട്ടുകൾ..അമ്മിഞ്ഞലാളനങ്ങൾ ,കുതിപ്പുകൾക്കും കിതപ്പുകൾക്കും ഇടയിൽ ചലിട്ടൊഴുകുന്ന പ്രണയവീണാ ഗാനങ്ങൾ,ഒടുവിൽ മരണത്തിന്റെ കൈകളിൽ സുഭദ്രമാകുന്ന,മരണത്തിന്റെ കൈകളാൽ വേർതിരിക്കപ്പെടുന്ന ജീവനുകൾ ..
  മനോഹരമായ കല്പനകളിലൂടെ...ചിന്തോദ്ദീപക വരികളിലൂടെ അണിയിച്ചൊരുക്കിയ കാവ്യം ...ആശംസകൾ സാർ ...

  ReplyDelete
  Replies
  1. പ്രിയ ശുക്കൂര്‍ ...താങ്കളുടെ കവിതകള്‍ വായിക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ല .അര്‍ത്ഥഗര്‍ഭമായ വിലയിരുത്തലിനു നെഞ്ചോട്‌ ചേര്‍ത്ത് നന്ദി ....

   Delete
 5. നല്ല കവിത.... ഇഷ്ടായി

  ReplyDelete
  Replies
  1. പ്രിയ മുബീ ...ഹൃദയം നിറഞ്ഞ നന്ദി .....

   Delete
 6. Aneka bhavangal onnayani niranna kavitha

  ReplyDelete
 7. Aneka bhavangal onnayani niranna kavitha

  ReplyDelete
  Replies
  1. അതെ പ്രിയ ഉമ്മു അമന്‍ ...രണ്ടു ജീവിതങ്ങള്‍ ഒരു നദിയായി ഒന്നിച്ചു തുടങ്ങുമ്പോള്‍ സംഭവിക്കുന്നത്‌ .അതും അല്ലാഹുവിന്‍റെ വിധിക്കനുസൃതമായി മാത്രം .വളരെ സന്തോഷം .നന്ദി .....

   Delete
 8. ഒരേതീരത്തൊരുമിച്ചണയാനായവരധിഭാഗ്യവാന്‍മാര്‍..!!!
  കവിത നല്ലിഷ്ടായി.. മാഷേ....

  ReplyDelete
 9. ഞാനും നീയും തീരത്തടിയുവാനായൊരു നദീതടം പോൽ..
  ഇക്കിളികൂട്ടുന്ന ജലനിരപ്പും സ്നേഹക്കാറ്റും...ജീവിതം ധന്യമാവാൻ മറ്റൊന്നും വേണ്ടയെന്നപോലുള്ള വാക്കുകളുടെ അമ്മാനം..
  അർത്ഥവത്തായ അതിമനോഹര വരികൾ..
  വാക്കുകളില്ലിക്കാ..അഭിനന്ദനങ്ങൾ

  ReplyDelete
 10. ‘ഗമനാഗമനങ്ങളിലഹര്‍ന്നിശമിണ-
  ക്കുരുവികളായി,ഒരുകരളുമിരു-
  മെയ്യുമനുരാഗ വിപഞ്ചിക മീട്ടി മീട്ടി
  നരച്ചു നുരച്ചു കിതച്ചില്ലേ ഇന്നോരോ കുതിപ്പും!‘  കലക്കൻ വരികൾ..
  അങ്ങൊരു കവി വല്ലഭൻ തന്നെ..!

  ReplyDelete
 11. ഗഹനമെന്ന് പറഞ്ഞാൽ പോരാ അതി ഗഹനം തന്നെ.!!!!!!!!!!

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge