Pages

Ads 468x60px

..

Saturday, July 21, 2012

നൊയമ്പ് അഥവാ ഗാര്‍ഹസ്ഥ്യ സന്യാസം


നോയമ്പ് അഥവാ ഗാര്‍ഹസ്ഥ്യ സന്യാസം
               >>> സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
******സംസ്കരണം എന്നതിനു ശുദ്ധീകരണം എന്നാണര്‍ഥം. അതുകൊണ്ടാണ് മൃതശരീരം മറവു ചെയ്യുന്നതിനെപ്പോലും
 സംസ്കാരച്ചടങ്ങായി നാം കാണുന്നത്. ശവം മറവു ചെയ്യാതിരുന്നാല്‍ അതു ചീഞ്ഞഴുകി ദുര്‍ഗന്ധം വമിച്ച് മൊത്തം
 അന്തരീക്ഷത്തെയും അശുദ്ധമാക്കുമല്ലോ. അതൊഴിവാക്കാനുള്ള പ്രവര്‍ത്തിയായതിനാലാണ് ശവശരീരം മറമാടുന്നത്
സംസ്കാരച്ചടങ്ങായിരിക്കുന്നത്.


ജീവിച്ചിരിക്കുന്ന മനുഷ്യനെ ശുദ്ധീകരിക്കുന്നതിനായി അനുശാസിക്കപ്പെട്ടിട്ടുള്ള കര്‍മമാണ് നൊയമ്പ്.
ഏതെങ്കിലും വിധത്തിലുള്ള നൊയമ്പ് അനുശാസിക്കപ്പെടാത്ത ഒരൊറ്റ മതവും ഭൂമുഖത്ത് നിലവിലില്ല.
കാരണം, എല്ലാ മതങ്ങളുടെയും സാരം മനുഷ്യജീവിത സംസ്കരണമാകുന്നു. മനുഷ്യജീവിത സംസ്കരണത്തിനു
കാണാവുന്ന ശരീരം ശുദ്ധിയാക്കുക എന്ന തലം മാത്രമല്ല ഉള്ളത്. മറിച്ച് കാണാനാകാത്ത മനസു കൂടി ശുദ്ധീകരിക്കുക
 എന്ന തലവും ഉണ്ട്. ശരീര ശുദ്ധി വരുത്തുന്നതിനുള്ള വൃത്തികളെ ബാഹ്യശൌചം എന്നും മനഃശുദ്ധി വരുത്തുന്നതിനുള്ള
പരിശ്രമങ്ങളെ ആന്തരശൌചം എന്നുമാണ് ഭാരതീയ ധര്‍മ്മ മീംമാംസകള്‍ പറഞ്ഞിരിക്കുന്നത്.
ഇതൊക്കെ അറിയാവുന്നവര്‍ക്ക് നൊയമ്പ് എന്നത് ബാഹ്യവും ആന്തരികവുമായ മാലിന്യങ്ങളെ സംസ്കരിച്ച്
മനുഷ്യജീവിതത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു മാലിന്യവിരുദ്ധ പോരാട്ടമാണെന്നു പറയേണ്ടി വരും.
 മലിനമായ ശരീരം, മലിനമായ മനസ്, മലിനമായ വീട്, മലിനമായ നാട്, മലിനമായ ജലം, മലിനമായ വായു,
മലിനമായ മണ്ണ് ഇതൊക്കെ ശുദ്ധീകരിക്കുവാനുള്ള ജാഗ്രത എവിടെ കാണുന്നുവോ അവിടെയൊക്കെ നൊയമ്പനുഷ്ഠാനമുണ്ട്.
ഇത്രയും വിശാലമായ അര്‍ഥത്തില്‍ നൊയമ്പിനെ മനസിലാക്കാനും പ്രയോഗിക്കാനും ശ്രദ്ധയോടെ ശ്രമിക്കുമ്പോഴാണ്
നൊയമ്പനുഷ്ഠാനം ജിഹാദുല്‍ അക്ബര്‍ ആകുന്നത്. അഥവാ വലിയ ജിഹാദ് ആകുന്നത്. മുഴുവന്‍ മാലിന്യങ്ങള്‍ക്കുമെതിരായ
 സമ്പൂര്‍ണ പോരാട്ടമാകുന്നു അത്. ഇത്തരമൊരു മാലിന്യ സംസ്കരണ പ്രക്രിയയില്‍ സാധാരണക്കാര്‍ക്കും പങ്കാളിത്തമനുവദിക്കുന്നു
എന്നതാണ് ആഗോള തലത്തില്‍ തന്നെ റമദാന്‍ നൊയമ്പിനുള്ള സവിശേഷ പ്രാധാന്യം. അകത്തും പുറത്തുമുള്ള മാലിന്യങ്ങള്‍
 ഒഴിവാക്കി കൊണ്ടുള്ള സുന്ദരസുജീവിതത്തിനു വേണ്ടിയുള്ള തയാറെടുപ്പാണത്. അതിന്റെ ഫലം ഐഹികവും പാരത്രികവുമായ
സമാധാനമാണെന്നു ഖുര്‍ആന്‍ അസന്ദിഗ്ധമായി വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍, മാനവജീവിതത്തെ സംസ്കരിക്കുക എന്നതു എളുപ്പമല്ല. ശരീരത്തിലെ അഴുക്കു കളയാന്‍ കുളിച്ചാല്‍ മതി.
എന്നാല്‍, മനസ്സിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ അത്തരം എളുപ്പവഴികളൊന്നും ഇല്ല. അതിനുള്ള വഴി ദൈവസ്മരണ
മാത്രമാണ്. ഇതിനെ സ്വാദ്ധ്യായം എന്നാണു ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പേരിട്ടിരിക്കുന്നത്. ഇത്തരമൊരു
 സ്വാദ്ധ്യായ മാര്‍ഗം റമദാന്‍ നൊയമ്പനുഷ്ഠാന വേളകളിലെ വിശുദ്ധ ഖുര്‍ആന്‍ പാരായണം വഴിക്കും മറ്റും തുറന്നു കിട്ടും.
ആ വഴിയെ മുന്നോട്ടുപോകാന്‍ എത്രത്തോളം തയാറാകുന്നു എന്നതിനനുസരിച്ചേ ഒരാളുടെ നൊയമ്പനുഷ്ഠാനം
 കനം തൂങ്ങുന്നുണ്ടോ ഇല്ലേ എന്നു നിര്‍ണയിക്കാനാകൂ. പാരായണം നടത്തുന്നു എന്നതുകൊണ്ടു മാത്രം ഇതു പൂര്‍ത്തിയാവുന്നില്ല.
വായിച്ചതിന്റെ അര്‍ഥ താല്‍പര്യങ്ങളെപ്പറ്റി നിരന്തരം ചിന്തിച്ച് മനസിലതു പതിപ്പിച്ചെടുക്കണം, എന്നാല്‍ മാത്രമേ സ്വാദ്ധ്യായം
 മനഃശുദ്ധീകരണത്തിനു കാരണമാകൂ. വേദഗ്രന്ഥങ്ങളുടെ അര്‍ഥ താല്‍പര്യങ്ങളെപ്പറ്റി ഇടതടവില്ലാതെ ചിന്തിച്ച് അതിനെ
 മനസില്‍ പതിപ്പിച്ചെടുക്കുന്നതിനെ 'മനനം' എന്നാണു പറയുക. മനനത്തിലൂടെയാണു മനഃശുദ്ധി.

"നിങ്ങള്‍ ജനങ്ങളോടു നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ മറന്നു കളയുകയുമാണോ?
നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തു കൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്'' (2:44)
എന്നുള്ള ഖുര്‍ആന്റെ ചോദ്യത്തിലൂടെ വെറും വായനയല്ല ചിന്തയോടു കൂടിയ വായനയാണു ആവശ്യമെന്നു അനുശാസിക്കുന്നു.
ചിന്തയോടു കൂടിയ വേദപാരായണമാണു മനനം. അതിലൂടെയാണു മനഃശുദ്ധിയും. അതിനാല്‍ നൊയമ്പ് ആഹാരനീഹാരാദികളിലുള്ള
ബാഹ്യപ്രകടനത്തിനപ്പുറം ആന്തരസത്തയുള്ളതാകണമെങ്കില്‍, മനനം കൂടിയേ തീരൂ. മനനത്തിലൂടെയേ മാനവ ജീവിതം
സംസ്കരിക്കപ്പെടുകയും ചെയ്യൂ.

"മഹാ സംസാരരോഗസ്യ വിചാരോഹിഹൌഷധം.'' ഇന്ദ്രിയമാത്രമായ ഭോഗപരത എന്ന സംസാരരോഗത്തിനു വിചാരം
 എന്നതാണു മഹൌഷധം എന്നാണു ഈ യോഗവാസിഷ്ഠവാക്യം പറയുന്നത്. ഇതുപ്രകാരം വിചാരരഹിത ജീവിതമാണു
 ലൌകികത എന്നും വിചാര സംഹിത ജീവിതമാണു ആത്മീയത എന്നും പറയാം. ഇത്തരമൊരു ആത്മീയ ജീവിതത്തിലേക്കാണ്
വിശുദ്ധ ഖുര്‍ആനും നബിചര്യയും ലോകമെമ്പാടുമുള്ള മനുഷ്യരെ ക്ഷണിക്കുന്നത്.

വിചാരസഹിത ജീവിതം എന്നതു സര്‍വത്ര കാണുന്നതാണെന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്.
കാരണം ഒരു മനുഷ്യനും ചിന്തിക്കാതെ ജീവിക്കുന്നില്ലല്ലോ. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. ബഹുഭൂരിപക്ഷം മനുഷ്യരും ചിന്തിക്കുന്നില്ല.
അവര്‍ ആശിക്കുകയും വികാരം കൊള്ളുകയുമല്ലാതെ ആലോചിക്കുന്നില്ല. മനുഷ്യന്‍ ആലോചനാശീലനായിരുന്നെങ്കില്‍ തന്റേയും താനുള്‍പ്പെട്ട
 ജീവജാലങ്ങളുടെയും പെറ്റമ്മയും പോറ്റമ്മയുമായ ഭൂമി തന്നെ നിലനില്‍ക്കുന്നത് സൂര്യന്‍ നിലനില്‍ക്കുന്നതു കൊണ്ടാണെന്നു തിരിച്ചറിയുമായിരുന്നു.
അത്തരം തിരിച്ചറിവില്‍ ഉറച്ചുപോയൊരു മനുഷ്യനും ദിവ്യത്വത്തില്‍ ഒരു തവണയെങ്കിലും ഭൂമിയേയും സൂര്യനേയും കുറിച്ചൊക്കെ
നന്ദിയോടെ സ്മരിക്കുമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ എത്രപേര്‍ക്ക് ഇത്തരം സ്മരണകള്‍ ഉണ്ടാവുന്നുണ്ട്? ഓരോ ദിവസം
അവസാനിക്കുമ്പോഴും സ്വയം ചോദിച്ചു നോക്കുന്ന ഏതൊരു മനുഷ്യനും, താന്‍ അന്നേ ദിവസം സൂര്യനില്ലായിരുന്നെങ്കില്‍
 തനിക്കെന്തു പറ്റുമായിരുന്നെന്ന് ആലോചിച്ചിട്ടേ ഇല്ലെന്നു ബോധ്യമാകും. പിന്നെങ്ങനെ മനുഷ്യന്‍ നയിക്കുന്നത് വിചാരസഹിത
ജീവിതമാകുമെന്നു പറയും? ശ്വാസോഛോസം ചെയ്തു ജീവിക്കുമ്പോള്‍ തന്നെ വായുവിനെപ്പറ്റി ഓര്‍മിക്കാതെ, വെള്ളം കുടിച്ചു ജീവിക്കുമ്പോള്‍
തന്നെ വെള്ളത്തെ കുറിച്ചാലോചിക്കാതെ, മണ്ണില്‍ ചവുട്ടി നടക്കുമ്പോള്‍ തന്നെ മണ്ണിനെ കുറിച്ചാലോചിക്കാതെ,
കറന്റു കട്ടിനെപ്പറ്റി പരാതിപ്പെടുമ്പോള്‍ തന്നെ ഭൂമിയില്‍ ജീവന് ആധാരമായ ചൂടും പ്രകാശവും പ്രദാനം ചെയ്യുന്ന
സൌരോര്‍ജ്ജത്തെ കുറിച്ച് യാതൊരു സ്മരണയും ഇല്ലാതെ കഴിയുന്ന മനുഷ്യര്‍ നയിക്കുന്നത് വിചാരസഹിത ജീവിതമാണോ?
അല്ലെന്നതാണു വസ്തുത. ഇങ്ങനെ തന്റെ നിലനില്‍പിനെപ്പറ്റി യാതൊന്നും ചിന്തിക്കാതെ കഴിയുന്ന മനുഷ്യരെ വിശ്വപ്രപഞ്ചനാഥന്റെ
മഹിതവൈഭവത്തെ ഓര്‍ത്തു ജീവിക്കുന്നവരാക്കി രൂപാന്തരപ്പെടുത്തുകയാണ് വിശുദ്ധ ഖുര്‍ആനും നബിയും ചെയ്യുന്നത്.

മനുഷ്യന് വികാരരഹിതനായിരിക്കാനാവില്ല. കാറ്റിന് ചലിക്കാതിരിക്കാനാവില്ല എന്നതുപോലെയാണത്.
പക്ഷേ കാറ്റ് അനിയന്ത്രിതമായാല്‍ നാശകാരിയായ കൊടുങ്കാറ്റാവുന്നതുപോലെ വികാരങ്ങള്‍ അനിയന്ത്രിതമായാല്‍ അതു മനുഷ്യനെ
 മുച്ചൂടും നശിപ്പിക്കും. അതിനാല്‍ ജീവിതം ക്രമം തെറ്റാതിരിക്കാന്‍ അഥവാ അതിക്രമമാകാതിരിക്കുവാന്‍ വികാരങ്ങളെ
നിയന്ത്രിതമാക്കേണ്ടതുണ്ട്. അതാണു ഭാരതീയ സാംസ്കാരിക പാരമ്പര്യത്തില്‍ 'സന്ന്യാസ'ത്തിനു പ്രാമാണ്യമുണ്ടായതിന്റെ ആത്യന്തിക കാരണം.
സന്ന്യാസം കാറ്റില്ലാത്ത ജീവിതമല്ല; കൊടുങ്കാറ്റുകള്‍ പുറപ്പെടാത്ത ജിവിതമാണ്. റമദാന്‍ നൊയമ്പ് അനിയന്ത്രിത വികാരങ്ങളാല്‍ മാനവരാശി
മുച്ചൂടും മുടിയാതിരിക്കുന്നതിനുള്ള വിവേകത്തിന്റെ കാവല്‍ശക്തിയിലേക്ക് മനുഷ്യജീവിതത്തെ വിധേയപ്പെടുത്തുന്നതിനുള്ള
ഏറ്റവും മികച്ച പ്രായോഗിക സംവിധാനമാണ്. ആ അര്‍ഥത്തിലാണ് അതിനെ ഗാര്‍ഹസ്ഥ്യസന്ന്യാസം എന്നു വിളിക്കേണ്ടി വരുന്നത്.
തിന്നുക, ഇണചേരുക തുടങ്ങിയ ദൈനംദിന കാര്യങ്ങളില്‍ അമിതമായി മുഴുകി വിവേകം മങ്ങിപോകാത്തവിധം
 സംയമനം പാലിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന മഹത്തരമായൊരനുഷ്ഠാനമാണ് റമദാന്‍ നൊയമ്പ്.
സംയമിത ജീവിതത്തെയാണു സന്യാസം എന്നു പറയുന്നത്. അതിനെ അപൂര്‍വം ചിലര്‍ക്കു മാത്രം സാധ്യമായൊരു
കാര്യമാക്കുക വഴി, വീടും ഭാര്യയും കുട്ടികളും ഇല്ലാത്ത ഏതാനും കാവിധാരികള്‍ക്ക് പതിച്ചുനല്‍കി എന്നതാണു ഭാരതത്തില്‍
 സംഭവിച്ച തെറ്റ്. വികാരത്തിനുമേല്‍ വിവേകത്തിന്റെ നിയന്ത്രണം എല്ലാ മനുഷ്യരും പരിശീലിക്കേണ്ടതാണെന്നതിലൂന്നി ഒരാചാരസംവിധാനവും
ഏര്‍പ്പെടുത്തുവാന്‍ ഭാരതത്തിനു കഴിഞ്ഞിട്ടില്ല. ഇസ്ലാമിനതു കഴിഞ്ഞതിന്റെ തെളിവാണ് റമദാന്‍ നൊയമ്പ്.
ഇതിനോട് സാദൃശ്യപ്പെടുത്താവുന്ന ഒരൊറ്റ നൊയമ്പേ ഭാരതത്തിലൂള്ളൂ. അതു ശബരിമല മണ്ഡലവ്രതമാണ്. ശബരിമല നൊയമ്പ്
 അനുഷ്ഠിക്കുന്നവര്‍ ആഹാരത്തിലും ലൈംഗികതയിലും വാക്കിലും നോക്കിലും പ്രവൃത്തികളിലുമൊക്കെ സ്വയം നിയന്ത്രണം
പാലിക്കാറുണ്ട്. മലക്കു മാലയിട്ടവരുടെ വീട്ടുകാരും അതില്‍ പങ്കാളികളാകാറുണ്ട്. റമദാന്‍ നൊയമ്പും ശബരിമല വ്രതവും
സാധാരണക്കാരെ പോലും സംയമിത ജീവിതത്തിന്റെ സുഖാനുഭൂതികള്‍ക്ക് പാത്രീഭൂതരാക്കുന്നു എന്നതിനാല്‍ ഗാര്‍ഹസ്ഥ്യ സന്യാസത്തിന്റെ
പ്രായോഗികമായ ജനകീയ മാതൃകകളാണ്.

എല്ലാ തിന്മകളുടേയും ഉറവിടം എന്റെ, എനിക്ക് എന്നതില്‍ മാത്രം ഊന്നിയ വികാരഭരിത ജീവിതമാണ്.
എത്ര ഏക്കര്‍ പറമ്പ് തീറെഴുതി 'എന്റേതാക്കി'യാലും അവസാനം ആറടിയില്‍ കൂടുതല്‍ മണ്ണ് ആവശ്യമില്ലാത്തൊരു നാള്‍
എനിക്കുണ്ടാകുമെന്ന വിവേകം മനുഷ്യനുണ്ടായാല്‍, സംഭവിക്കുന്നതാണു സംയമിത ജീവിതം. സ്വത്തില്ലാത്തവരും സ്വത്തുണ്ടാക്കാന്‍
ആഗ്രഹിക്കുന്നവരും സ്വത്ത് ഒട്ടേറെ കുമിച്ചുകൂട്ടിയവരും മേല്‍പറഞ്ഞത് ഓര്‍മിച്ച് സംയമിത ജീവിതത്തിലേക്ക് സ്വയം
പ്രവേശിതരാകാന്‍ അവശ്യം ആവശ്യമായ പരിശീലനക്കളരിയാണ് റമദാന്‍ നൊയമ്പെന്നു മാത്രം പറയട്ടെ.
 ***************
( പ്രബോധനം -2012 July 14 )
*******

14 comments:

 1. സംയമനം പാലിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന മഹത്തരമായൊരനുഷ്ഠാനമാണ് റമദാന്‍ നൊയമ്പ്.
  സംയമിത ജീവിതത്തെയാണു സന്യാസം എന്നു പറയുന്നത്. നല്ല ലേഖനത്തിനു എന്റെ നംസ്കാരം

  ReplyDelete
 2. റമദാന്‍ മുബാറക്‌

  ReplyDelete
 3. ഈടുറ്റൊരു ലേഖനം
  റമദാന്‍ മുബാറക്

  ReplyDelete
 4. റംസാന്‍ ആശംസകള്‍ ഇക്കാ...

  റംസാനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌...
  ഇതാണോ റംസാന്‍ ?
  http://absarmohamed.blogspot.in/2012/07/blog-post_18.html

  ReplyDelete
 5. നോമ്പിനെക്കുറിച്ച് ലളിതമായ തരത്തിലുള്ള ആഖ്യാനം ഇഷ്ടമായി. 'നൊയമ്പ്' എന്ന് എഴുതിയിരിക്കുന്നത് ഒരു വായനാ സുഖം നല്‍കുന്നില്ല. ഭാഷാ പണ്ഡിതന്മാര്‍ കൊടുവാള്‍ എടുക്കരുത്. ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. നിങ്ങള്ക്ക് നിങ്ങളുടേതും പറയാം.

  ReplyDelete
 6. >>എല്ലാ തിന്മകളുടേയും ഉറവിടം എന്റെ, എനിക്ക് എന്നതില്‍ മാത്രം ഊന്നിയ വികാരഭരിത ജീവിതമാണ്.<<

  മാഷിന്റെ നല്ല ഒരു ലേഖനം.

  ReplyDelete
 7. എന്റെ പ്രിയപ്പെട്ട shamzi..ഇത് എന്റെ ലേഖനമല്ല.ലേഖനം ഒരു മാറ്റവും വരുത്താതെ copy ചെയ്തതാണ്...
  താങ്കളുടെ പണ്ഡിതോചിത അഭിപ്രായം എനിക്കുമുണ്ട്.പണ്ഡിതന്മാര്‍ തീരുമാനിക്കട്ടെ.അകം നിറഞ്ഞ നന്ദിയോടെ,
  nmk.

  ReplyDelete
 8. അറിവുകള്‍ സമ്മാനിച്ച പോസ്റ്റ്‌ ... ലളിതമായി പറഞ്ഞ നല്ല ലേഖനം ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍‌പീലി

  ReplyDelete
 9. നല്ല ലേഖനം.. അറിവുകളിലേക്ക് തുറന്ന ജാലകം പോല്‍..
  http://kannurpassenger.blogspot.in/2012/07/blog-post_19.html

  ReplyDelete
 10. പ്രിയ സുഹൃത്ത് ചന്തുനായര്‍ ...നന്ദി ഈ നല്ല വാക്കുകള്‍ക്ക്.
  പ്രിയ നിസാരന്‍ റമദാന്‍ മുബാറക് Thanks a lot..
  Dear Ajith,Thanks...
  Absar...thanQ..
  Shamzi..Thanks..
  പ്രിയ ജോസെലെറ്റ്...സുഹൃത്തെ നന്ദി ,സന്തോഷം...
  പ്രിയ കുഞ്ഞുമയില്‍പീലി ..വളരെ സന്തോഷം.നന്ദി !
  ഫിറോസ് ...നന്ദി ...നന്ദി ....

  ReplyDelete
 11. നോമ്പിന്റെ ചൈതന്യം തുളുമ്പുന്ന ലേഖനം പങ്കു വെച്ചതിനു നന്ദി

  ReplyDelete
 12. റംസാന്‍ ആശംസകള്‍ കുട്ടിക്കാ ..

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge