Wednesday, January 13, 2021

അസ്തിത്വ ദു:ഖം


                                                              

ടലുലയാത്ത തൂവല്‍ - 

മെത്തകളില്‍,

അകന്നകന്നു പോകുന്ന 

നിദ്രാവേളകളില്‍, 

കിടന്നു മറിഞ്ഞു ശോകാതുരം 

ഞാനെന്നില്‍ മുഷിയവേ,

തിരക്കൊഴിഞ്ഞ 

തെരുവോര കടത്തിണ്ണകളില്‍ 

സുഖ സുഷുപ്തി കൊള്ളുന്ന നിന്‍റെ 

മുഖം ഞാനറിയുന്നു......


ആഹാര വൈവിധ്യങ്ങള്‍  

കവിഞ്ഞു തുളുമ്പുന്ന 

തീന്മേശകളിലെ -

രുചിക്കൂട്ടുകളില്‍ 

വയര്‍ നിറക്കവേ,

പട്ടികളോടും പക്ഷികളോടും 

കടിപിടി കൂടി -

ക്കിട്ടുന്ന വറ്റുകളിലാശ്വാസ -

നിശ്വാസമുതിര്‍ക്കവേ,

മനുഷ്യ 'ജാതി'കളുടെ 

തിണ്ണബല വര്‍ണ്ണങ്ങള്‍ 

വിഷണ്ണനായി

ഞാനറിയുന്നു.......


നട്ടുച്ചകളില്‍, 

നട്ടപ്പാതിരാവുകളില്‍, 

വെട്ടം കെട്ട നിന്‍ 

ചുറ്റുവട്ടങ്ങളില്‍ കടന്നു കയറി 

വിലയില്ലാ ജീവനുകളായി

നിര്‍ലജ്ജം നിന്‍ 

കിളിന്തൂര്‍ജ്ജങ്ങളില്‍ വരെ

കയറി മതിച്ചു രമിക്കുന്ന

ജാതിക്കൊമരങ്ങളേയും

ഞാനറിയുന്നു.....


മതിലുകള്‍ പണിതു മറച്ചു 

പാവങ്ങളില്ലാ

പാപ പാതകളില്‍ 

നരനായാട്ടുകള്‍ക്കു 

രായ്ക്കുരാമാനം രാജപാത തീര്‍ത്ത 

പൊങ്ങച്ചളുടെ പൊള്ളത്തരവും 

ഞാനറിയുന്നു.........


വിശ്വാസമറ്റ വിശ്വാസങ്ങളില്‍ 

മതം, മദംപൊട്ടി 

ചിന്നം വിളിക്കവേ,

കത്തിയൊടുങ്ങാത്ത നിന്‍റെ 

ജീവനാഡീ സ്പന്ദങ്ങളില്‍

മനുഷ്യത്വത്തിന്‍റെ -

പടുതിരി പുകയുന്നതും 

ഞാനറിയുന്നു.......


നിന്നെപ്രതി ഞാന്‍ 

വരച്ചിട്ടയീയക്ഷരത്തുള്ളികള്‍

ഒരു -

കടലിരമ്പമായില്ലേലും,

അസ്തിത്വ ദു:ഖത്തിന്‍റെ

ഊഷരമാം കണ്ണീര്‍ ചാലുകള്‍ 

നിലനില്‍പ്പിന്‍റെ 

വിറങ്ങലിച്ച സൗഹാര്‍ദ്ദ 'പെരുമ'യില്‍ 

ചോരപൊടിയുന്ന നിസ്സഹായതയുടെ 

കണ്ണനീര്‍ വീഴ്ത്തുന്നുണ്ട്

പ്രിയരേ, പ്രാര്‍ത്ഥനാ നിര്‍ഭരം....!!  

****************

                          - മുഹമ്മദ്കുട്ടി, ഇരിമ്പിളിയം. 


 ( Image :GOOGLE)

_____________


7 comments:

  1. വിശ്വാസമറ്റ വിശ്വാസങ്ങളില്‍

    മതം, മദംപൊട്ടി

    ചിന്നം വിളിക്കവേ,

    കത്തിയൊടുങ്ങാത്ത നിന്‍റെ

    ജീവനാഡീ സ്പന്ദങ്ങളില്‍

    മനുഷ്യത്വത്തിന്‍റെ -

    പടുതിരി പുകയുന്നതും

    ഞാനറിയുന്നു...

    അർത്ഥവത്തായ വരികൾ ...

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ,നന്ദി ....

      Delete
  2. നല്ല വരികൾ മാഷേ...

    ReplyDelete
  3. നന്നായിരിക്കുന്നു..
    അഭിനന്ദനങ്ങൾ 

    ReplyDelete
    Replies
    1. നന്ദി പ്രിയ ഷൈജു....

      Delete
  4. ബുദ്ധൻ കൊട്ടാരം വിട്ടിറങ്ങി പ്പോയതും ഇത് പോലുള്ള വീണ്ടുവിചാരം കൊണ്ടായിരുന്നു. വളരെ മനോഹരമായ എഴുത്ത്...

    ReplyDelete

Followers