Pages

Ads 468x60px

..

Wednesday, September 03, 2014

ഓണം ഉണരേണ്ടത് മനസ്സിലാണ് - ഡി.ബാബുപോള്‍
മധ്യരേഖ
ചിങ്ങം വന്നു. ഓണം വരവായി. കേരളത്തിന്‍െറ പൊതുസ്വത്താണ് ഓണം. ചുരുങ്ങിയത്, തിരുവിതാംകൂറിലും കൊച്ചിയിലുമെങ്കിലും മതഭേദം കൂടാതെ ഉത്സവകാലമായി സ്വീകരിക്കപ്പെടുന്നു ഈ നാളുകള്‍.
ഓണത്തോടു ചേര്‍ത്ത് ഓര്‍മിക്കപ്പെടാറുള്ള വാമനകഥ നമ്മുടേതല്ല എന്നാണ് എന്‍െറ പക്ഷം. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച മണ്ണിലെ മന്നനെ പരശുരാമനെക്കാള്‍ പഴയ അവതാരം ചവിട്ടിത്താഴ്ത്തുന്ന കഥയില്‍ കാലനിര്‍ണയപ്രമാദം കാണാതെ വയ്യ.
പിന്നെ ഇത് എങ്ങനെ വന്നു? എനിക്ക് തോന്നുന്നത് പൊതുവര്‍ഷം എട്ടാം നൂറ്റാണ്ടിനു മുമ്പ് എന്നോ കേരളത്തില്‍ കുടിയേറിയ സാരസ്വതരാദി ബ്രാഹ്മണര്‍ ഒപ്പം കൊണ്ടുവന്ന് ഈ നാട്ടില്‍ നട്ടതാണ് ഈ കഥ എന്നാണ്. നര്‍മദ തീരത്ത് സംഭവിച്ചതായി സമാനമായ ഒരു പുരാണകഥ പ്രചാരത്തിലുണ്ട്. അവിടെ മഹാബലിയും വാമനനും ശുകാചാര്യരും എല്ലാം ഉണ്ട് കഥയില്‍. കുടിയേറ്റഭൂമിയില്‍ പരിചയപ്പെട്ട ഉത്സവത്തിന് അഴകേറ്റാനായി ആനക്ക് നെറ്റിപ്പട്ടം എന്ന കണക്കെ ഓണത്തിന് ഉണ്ടാക്കിയ മൂലം ആയിരിക്കണം മലയാളിയുടെ മാവേലി പുരാണം.
ഓണത്തെക്കുറിച്ച് പറയുമ്പോള്‍ നാം സാധാരണഗതിയില്‍ ആലോചിക്കാത്ത രണ്ട് സംഗതികള്‍ പറയട്ടെ.
ഒന്ന്, മഹാബലിയുടെ അഹങ്കാരത്തിന്‍െറ തലയിലാണ് ഈശ്വരാവതാരമായ വാമനന്‍ കാല്‍വെച്ചത്. മഹാബലിയുടെ ജീവിതകഥ പുരാണങ്ങളില്‍ വായിച്ചാല്‍ ജീവിതത്തിന്‍െറ പൂര്‍വാര്‍ധത്തില്‍ ആള്‍ അത്ര മാന്യനായ ശിബി ഒന്നും ആയിരുന്നില്ല എന്നുകാണാം. എന്നാല്‍, ഒരു ഘട്ടത്തില്‍ മാറ്റം ഉണ്ടായി. കലിംഗയുദ്ധം അശോകനെയും ദമസ്ക്കോസിലേക്കുള്ള പാതയിലെ ആന്ധ്യം പൗലോസിനെയും പുതിയ മനുഷ്യരാക്കിയതുപോലെ തന്നെയുള്ള ഒന്നായിരുന്നു അത്. അശോകനെയും പൗലോസിനെയുംപോലെ മഹാബലിയും ഒരു പുതിയ മനുഷ്യനായി. ആ പുതുമനുഷ്യനെ നിര്‍വചിച്ചത് ദാനശീലം ആയിരുന്നു.

ആ ദാനശീലം തന്നെ ഒടുവില്‍ വിനയായി. ഗുരുവായ ശുകന്‍ പറഞ്ഞതാണ് പട്ടരുകുട്ടിയെ സൂക്ഷിക്കണമെന്ന്. എങ്കിലും, തന്‍െറ ദാനശീലത്തെക്കുറിച്ചുള്ള ഖ്യാതിയില്‍ ഒരു ചെറിയ അപഖ്യാതിയുടെ നിഴല്‍ പോലും വീഴരുത് എന്നായിരുന്നു മഹാബലിയുടെ സ്വാര്‍ഥപൂരിതമായ മോഹം. താന്‍ ദാനശീലനാണ്, താന്‍ പൊളി പറയാത്തവനാണ്, താന്‍ വാക്ക് മാറ്റാത്തവനാണ്. ഗുരുവരുള്‍ മാനിക്കുന്നതിനെക്കാള്‍ തന്‍െറ മാനം പാലിക്കുന്നതിനാണ് മഹാബലി പ്രാധാന്യം കൊടുത്തത്. ആ അഹങ്കാരത്തിന്‍െറ തലയിലാണ് ഈശ്വരന്‍ അടിച്ചത്. അഹങ്കാരം നന്മയിലൂന്നിയിട്ടായാലും നന്നല്ല. അതാണ് ഓണത്തിന്‍െറ വേദശാസ്ത്രം. നമ്മുടെ നന്മകളുടെ കര്‍തൃത്വവും ഭോക്തൃത്വവും നമ്മുടേതല്ല. മഹാബലിക്ക് തെറ്റിയത് അവിടെയാണ്. ഇന്ന് നമുക്കും പലപ്പോഴും തെറ്റുന്നത് നമ്മുടെ തെറ്റുകളിലല്ല. നമ്മുടെ ശരികള്‍ നമ്മുടെ നന്മകളുടെ ഫലമാണ് എന്ന് ധരിക്കുന്നതിലെ തെറ്റിലാണ്. ഭഗവദ്ഗീതയിലെ ‘യോഗ$ കര്‍മസു കൗശലം’ എന്ന പ്രമാണത്തിന്‍െറ സാരമാണ് നാം ഗ്രഹിക്കേണ്ടത്. നമ്മുടെ നന്മകള്‍ ഈശ്വരപ്രോക്തമാണ്. അതില്‍ അഹങ്കരിക്കാന്‍ നമുക്ക് കാര്യമില്ല.
ഇനി രണ്ടാമത്തെ കാര്യം നോക്കാം. മാവേലി നാട് വാണിടും കാലം. മഹാരാജാവിന്‍െറ ഭരണനൈപുണ്യം കൊണ്ടല്ല മഹാജനങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍കൊണ്ടാണ് കവി ആ കാലത്തെ അടയാളപ്പെടുത്തുന്നത്. നിയമവും അധികാരവുംകൊണ്ട് മനുഷ്യമനസ്സിനെ മൗലികമായി സ്വാധീനിക്കാനാവുകയില്ല. ഭാരതത്തിലെ ഭരണസംവിധാനത്തില്‍ എന്തൊക്കെ പോരായ്മകള്‍ എണ്ണിപ്പറയാന്‍ ഉണ്ടായാലും മനുഷ്യനെ കൊല്ലുന്ന മനുഷ്യനെ കൊല്ലുന്നതിന് കര്‍ക്കശമായ കടമ്പകളുണ്ട് ഈ നാട്ടില്‍. ഹമാസിന്‍െറ മിസൈലിന് ഗസ്സയിലെ ബോംബല്ല നിയമവിധേയമായ പരിഹാരം. അധികാരത്തിലിരിക്കുന്നവര്‍ അധികാരം പ്രയോഗിക്കുന്നതിന് അവര്‍ തന്നെ സൗമിത്രരേഖകള്‍ ചമച്ചിരിക്കുന്നു.
പൗരസഞ്ചയം പാലിക്കേണ്ട നിയമങ്ങളും വ്യക്തമാണ്. എന്നിട്ടും, ഇവിടെ അക്രമങ്ങള്‍ അരങ്ങേറുന്നു. കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല. കള്ളത്തുലാസുകള്‍ക്ക് പേറ്റന്‍െറടുക്കുന്നു നമ്മുടെ ബൗദ്ധികസ്വത്തവകാശം. നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു. ആരുടെതാണ് കുറ്റം? നമ്മുടേതുതന്നെ. മാവേലി നാട് വാണകാലത്തോ? കള്ളമില്ല. ബൈബ്ള്‍ തൊട്ട് സത്യപ്രതിജ്ഞചെയ്യാതെ തന്നെ സത്യം പറയുന്ന ജനം. ലീഗല്‍ മെട്രോളജിയുടെ പരിശോധന കൂടാതെ തന്നെ അളവു തൂക്കങ്ങളില്‍ കൃത്രിമം കാട്ടാന്‍ തുനിയാതിരുന്ന വ്യാപാരിവ്യവസായി സമൂഹം. രാജാവ് നല്ലവനായിരുന്നു എന്നത് പ്രജകള്‍ക്ക് നന്മകള്‍ കൊണ്ടുനടക്കാന്‍ പ്രേരണ നല്‍കിയിരിക്കാമെങ്കിലും നന്മകള്‍ സമൂഹത്തിന്‍െറ അടയാളപ്പലകകളായത് രാജാവിന്‍െറ ഭരണപാടവം കൊണ്ടല്ല.
വ്യക്തികളായും സമൂഹമായും നാം സൃഷ്ടിച്ചെടുക്കേണ്ടതാണ് മാവേലിനാട്. കള്ളവും ചതിയുമില്ലാത്ത സമൂഹം ഉണ്ടാകണമെങ്കില്‍ സ്വാര്‍ഥതയും അതിമോഹവും ഇല്ലാത്ത വ്യക്തികള്‍ ഉണ്ടാവണം. അതായത്, മാവേലിനാട് ജനിക്കുന്നത് മലയാളിയുടെ മനസ്സിലാണ്.
നമ്മുടെ കണ്‍മുന്നില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരച്ചുവെക്കുന്ന മാതൃക നമുക്ക് സ്വീകരിക്കാനാവുന്നില്ല. ഈയിടെ കേരളത്തിലെ ഒരു ആത്മീയ പിതാവ് വാങ്ങിയ പുതിയ കാറിന് വില രണ്ടേകാല്‍കോടി രൂപയാണത്രെ. മറ്റൊരാള്‍ ഇഷ്ടനമ്പര്‍ കിട്ടാന്‍ കൊടുത്തത് അഞ്ചു ലക്ഷം. ചീഫ് സെക്രട്ടറി തലത്തില്‍ റിട്ടയര്‍ ചെയ്ത ഒരാള്‍ക്ക് ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം പൊളിഞ്ഞപ്പോള്‍ നഷ്ടപ്പെട്ടത് ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം.
അത് പണം. അതിനെക്കാള്‍ രൂക്ഷമാണ് അസൂയ. എനിക്ക് മേലധികാരിയുടെ ഒൗദാര്യമായി അഞ്ഞൂറ് രൂപ ശമ്പളക്കയറ്റം കിട്ടുന്നു. അയലത്തെ അദ്ദേഹത്തിന് തികച്ചും അര്‍ഹിക്കുന്ന ശമ്പളക്കയറ്റമായി അറുന്നൂറ് രൂപ കിട്ടി എന്നറിയുമ്പോള്‍ എന്‍െറ ആഹ്ളാദം മായുന്നു. രാവിലെ എന്നെ ജോലിക്ക് വിളിച്ചപ്പോള്‍ പറഞ്ഞൊത്ത ശമ്പളം നൂറു രൂപ ആയിരുന്നു. വെയിലാറിയപ്പോള്‍ വേറൊരലവലാതി വന്ന് തൂമ്പ എടുക്കുന്നത് കണ്ടു. ആറു മണിക്ക് ഞങ്ങള്‍ പണി നിര്‍ത്തി. മുതലാളി കൂലി തരാന്‍ തുടങ്ങി. ആ അലവലാതിക്ക് നൂറ് രൂപ കൊടുത്തു. നന്നായി. അപ്പോള്‍ എനിക്ക് ഒരഞ്ഞൂറ് തരുമായിരിക്കും. ഒടുവില്‍ എന്‍െറ ഊഴം വന്നപ്പോള്‍ എനിക്കും തന്നു നൂറ് ഉലുവാ. ഇതെന്ത് ന്യായം? ശരിയാണ്. ഒരു മണിക്കൂറിന് നൂറെങ്കില്‍ എട്ട് മണിക്കൂറിനെത്ര? എന്നാല്‍, ആ ശരി ഞാന്‍ അവകാശപ്പെടുന്നതില്‍ തെറ്റുണ്ട് എന്നത് ഞാന്‍ കാണുന്നില്ല. എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് വാക്ക് തെറ്റിക്കാതെ തന്നു. അവനെ വിളിച്ചപ്പോള്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഞാന്‍ അറിയേണ്ട കാര്യവുമില്ല. എങ്കിലും, മുതലാളിയുടെ മുതല്‍ മുതലാളിയുടെ ഇഷ്ടംപോലെ കൈകാര്യം ചെയ്യുമ്പോള്‍ എനിക്ക് കോപവും പരാതിയും. അസൂയയില്‍നിന്നാണ് അത് പിറക്കുന്നത്. (ഈ കഥയുടെ മൂലത്തിന്‍െറ പകര്‍പ്പവകാശം യേശുക്രിസ്തുവിനാണ്)
അയല്‍ക്കാരന്‍േറതിനെക്കാള്‍ വലിയ കാര്‍ വേണം എനിക്ക്. എന്നെക്കാള്‍ കുറവായിരിക്കണം അവന്‍െറ വരുമാനം. പിന്നെ മത്സരം തുടങ്ങുകയായി. നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും.
പണം മാത്രമല്ല. ജീവിതത്തിന്‍െറ സമസ്തഭാവങ്ങളിലും തെളിയുന്നത് ഈ മനസ്സാണ്. മത്സരം ആയിരിക്കുന്നു നമ്മുടെ നിര്‍വചനരാഗം. നഗരവത്കൃത സമൂഹത്തിന്‍െറ അഭിശാപമാണത്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമായിരുന്ന കാലത്ത് ജീവിതത്തെ നിര്‍വചിച്ചിരുന്നത് ശാന്തമായി ഒഴുകിയ നദികളും തെളിനീര്‍ നിറഞ്ഞ നാട്ടുകുളങ്ങളും രാവിലെ അഴിച്ചുവിട്ടാല്‍ സന്ധ്യക്കുമുമ്പ് സ്വന്തം തൊഴുത്തില്‍ മടങ്ങിയത്തെുന്ന കന്നുകാലികളും അമ്പലങ്ങളുടെയും പള്ളികളുടെയും പറമ്പുകളില്‍ ആല്‍മരച്ചോടുകളില്‍ നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്ന നല്ല അയല്‍ക്കാരും ആയിരുന്നു. ആ നാട്ടിന്‍പുറം ഇന്നില്ല. നഗരം നാട്ടിന്‍പുറത്തെ കീഴടക്കിയിരിക്കുന്നു. ഇന്ന് ആരും പശുവിനെ അഴിച്ചുവിടുന്നില്ല. വിട്ടാല്‍ പശു മൂവന്തിക്ക് മടങ്ങിയത്തെുമെന്നുറപ്പില്ല.
ആഗോളീകൃത സമൂഹവും നഗരമനസ്സിന്‍െറ ആക്രമണവും സമൂഹത്തെ അശാന്തമാക്കിയിരിക്കുന്നു. എലിപ്പത്തായങ്ങളില്‍ അന്തിയുറങ്ങി, മൂഷിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പുറത്തിറങ്ങി, ആത്മാവ് നഷ്ടപ്പെട്ട കടലാസുകളോടും ആത്മാവില്ലാത്ത യന്ത്രങ്ങളോടും കലഹിക്കുകയും സംവദിക്കുകയും ചെയ്യുന്ന പകലുകള്‍ സമ്മാനിക്കുന്ന നിരാശയുടെയും മോഹഭംഗങ്ങളുടെയും ബലിമൃഗങ്ങളായി എലിപ്പത്തായങ്ങളില്‍ മടങ്ങിയത്തൊന്‍ വിധിക്കപ്പെട്ടിരിക്കുന്ന വര്‍ത്തമാനകാല മനുഷ്യന് ഒരു ചിന്തയേ ഉള്ളൂ; ഞാന്‍ മുന്നിലാവണം. അവന് ഒരു ഭയമേ ഉള്ളൂ; അയല്‍ക്കാരന്‍ എന്നെ തോല്‍പിക്കുമോ?
പ്ളസ് ടു ബാച്ചുകള്‍ നേടാന്‍ മത്സരിക്കുന്നതും മദ്യവിരുദ്ധതയുടെ ബൗദ്ധികസ്വത്തവകാശം ഉറപ്പിക്കാന്‍ പകിട കളികളില്‍ ഏര്‍പ്പെടുന്നതും പൊതുജീവിതത്തെ അടയാളപ്പെടുത്തുന്നു. ചാവറയച്ചന്‍ ലത്തീനോ സുറിയാനിയോ എന്ന തര്‍ക്കം ആ പിതാവിന്‍െറ കാലത്ത് ഉണ്ടായിരുന്നില്ല എന്ന് നാം ഓര്‍ക്കുന്നില്ല. യേശുക്രിസ്തു യാത്രക്കൂലിയും ദിനബത്തയും ചോദിക്കാതെയാണ് യായീറോസുമാരുടെ ഭവനങ്ങളില്‍ നവജീവന്‍െറ സന്ദേശം എത്തിച്ചതെന്ന സംഗതി മറന്നിട്ടാണ് നമ്മുടെ ആത്മീയ യാത്രകള്‍. സായിബാബയുടെ ആശുപത്രികളില്‍ കാഷ് കൗണ്ടറില്ല. എങ്കിലും, അതൊക്കെ വിരളം. നസറായന്‍െറ ആശുപത്രികളില്‍ അവന്‍െറ മണവാട്ടിമാര്‍ ഭണ്ഡാരങ്ങള്‍ക്ക് കാവലിരിക്കുന്നു.
എനിക്ക് വയസ്സ് 73 കഴിഞ്ഞു. മാര്‍പാപ്പയോ ഞാനോ ആദ്യം എന്ന് ചിന്തിക്കേണ്ട കാലം. എന്നിട്ടും, എന്‍െറ മോഹങ്ങള്‍ക്ക് അതിരില്ല. എന്‍െറ സ്വപ്നങ്ങളുടെ ചിറകുകള്‍ക്ക് ബലക്ഷയമില്ല. അത് തെറ്റല്ല.

എന്നാല്‍, ആ മോഹങ്ങളിലും ആ സ്വപ്നങ്ങളിലും ഈശ്വരനും എന്‍െറ അയല്‍ക്കാരനും ഇടംകൊടുക്കാതിരുന്നാല്‍ നഗരവത്കരണത്തിന്‍െറ രക്തസാക്ഷിയാവുന്നു ഞാന്‍. മാവേലി നാട് തനി നാട്ടിന്‍പുറം ആയിരുന്നു. അത് പുനസൃഷ്ടിക്കാന്‍ ഇന്ന് ഇനി നാം ടി.വി ഓഫാക്കേണ്ട. പത്രം വായിക്കാതിരിക്കേണ്ട. ജീവിത വ്യവഹാരങ്ങളില്‍നിന്ന് ഒഴിഞ്ഞിരിക്കേണ്ട. ഈ ലോകത്തില്‍ ഞാന്‍ ഒരാള്‍ മാത്രമല്ല ജീവിക്കുന്നത് എന്ന് ഓര്‍മിച്ചാല്‍ മതി.
നമ്മുടെ മനസ്സുകളില്‍ ഗ്രാമീണശാലീനത തിരിച്ചത്തെുകയും നഗരവത്കൃതസമൂഹത്തിന്‍െറ അടയാളമായ സ്വാര്‍ഥതയും മാത്സര്യവും അവിടെനിന്ന് കുടിയിറങ്ങുകയും ചെയ്താല്‍ നമുക്കും ഓണം വരും. ഓണം ഉണരുന്നത് മനസ്സിലാണ്. സുമനസ്സുകളുടെ സമ്മേളനമായി സമൂഹം മാറുമ്പോഴാണ് മാവേലി നാടു വാണീടും കാലം പുനര്‍ജനിക്കുന്നത്.
                            
                                 
                                      

11 comments:

 1. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!

  ReplyDelete
 2. വളരെ നല്ല കാര്യങ്ങൾ.
  ഓണാശംസകള്‍ ഇക്ക.

  ReplyDelete
  Replies
  1. നന്ദി ഗിരീഷ്‌ .....ഓണാശംസകള്‍ !

   Delete
 3. സുമനസ്സുകളുടെ സമ്മേളനം ഓണം.
  ഐശ്വര്യവും,ശാന്തിയും,സമാധാനവും നീറഞ്ഞ ഓണാശംസകള്‍ മാഷെ.

  ReplyDelete
  Replies
  1. നന്ദി സാര്‍ ..ഓണാശംസകള്‍ !

   Delete
 4. സങ്കല്പത്തിലെല്ലാം ശുഭമാണ്!

  ReplyDelete
  Replies
  1. നന്ദി അജി ..ഓണാശംസകള്‍ !

   Delete
 5. Replies
  1. നന്ദി മനോജ്‌ ...ഓണാശംസകള്‍ !

   Delete
 6. ആചാരാനുഷ്ടാനങ്ങളെക്കുറിച്ചുള്ള പഴമ്പുരാണങ്ങളിലെ യുക്തി അന്വേഷിച്ചുപോയാൽ നാം നിരാശരാവും. മലബാറിന്റെ ഉത്തരഭാഗങ്ങളിൽ ഓണത്തിന് മുമ്പുകാലങ്ങളിൽ വലിയ പ്രാധാന്യമൊന്നുമില്ലായിരുന്നു. മാധ്യമങ്ങളുടെ സ്വാധീനവും, കേരളത്തിന്റെ തെക്കൻ ജില്ലകളുമായി ഉരുത്തിരിഞ്ഞ കൂടുതൽ സംസർഗവും കൊണ്ട് ഇപ്പോൾ ഈ ആഘോഷവും വലിയ പ്രാധാന്യത്തോടെ മലബാറുകാർ ആഘോഷിക്കുന്നു.

  എന്തൊക്കെ വിമർശനങ്ങളുണ്ടായാലും മാവേലിമൻഡ്രം എന്ന ആശയത്തോട് യോജിക്കാതിരിക്കാനാവില്ല. ഫെയിസ് ബുക്കുപോലുള്ള ആധുനികകാലത്തെ ആശയവിനിമയ ഉപാധികളെ കൂടുതലായി ആശ്രയിക്കുകയും, ആശയവിനിമയത്തിലൂടെ അയൽക്കാരന്റെ ദുഃഖമെന്തെന്ന് അറിയാൻ ശ്രമിക്കുകയും ചെയ്യുന്ന പുതിയ തലമുറയിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം. അവരിലൂടെ ഒരു മാവേലിമൻഡ്രം ഇവിടെ സൃഷ്ടിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസികളാവാം....

  നല്ല ചിന്തകൾ മാഷേ.....

  ReplyDelete
 7. വിലപ്പെട്ട പ്രതികരണം തുടര്‍ ചിന്തകള്‍ക്കായി കുറിച്ചിട്ട പ്രിയ പ്രദീപ് സാര്‍ വളരെ സന്തോഷം.നന്ദി....

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge