Pages

Ads 468x60px

..

Monday, February 04, 2013

അപശബ്ദങ്ങള്‍


       
                               

  കാതടപ്പിക്കുമപശബ്ദങ്ങള്‍ -
  ഭീകരം , ബീഭത്സം !!

- 'തീവണ്ടി'യോട്ടങ്ങളിലെയതി -
  ജീവന സംഘര്‍ഷങ്ങളാകുമോ ?

- രാവിഴയും വിഷപ്പേടികള്‍ തന്‍
  നിദ്രാവിഹീന ചങ്കിടിപ്പുകളോ ?

- അമ്മയിറങ്ങിപ്പോയ, കാത്തിരിപ്പിന്‍റെ
  കൂട്ടിന്നിളംചുണ്ടിന്‍ തപ്പിപ്പിടയലോ ?

- വസുധയുടെ ചാരിത്ര്യചങ്കുറപ്പിന്‍
  പിടിവിടാദാര്‍ഡൃങ്ങളിലേ -
  ക്കരിച്ചിറങ്ങുമധിനിവേശ ദാഹങ്ങള്‍ തന്‍
  കുഴല്‍വിളികളോ ?

- ചോരമണക്കുമാസുരതയുടെ
  അറവുശാലകളില്‍
  ഇരയാക്കപ്പെടും നിറമണ്ണിന്‍
  ചെഞ്ചോരച്ചീറ്റലോ ?

- അരച്ചരടുമറുത്തെറിഞ്ഞ
  'അര'ച്ചുമടിനാട്ടക്കളിയരങ്ങില്‍
  മദിച്ചുപുളയുന്ന മാംസ-
  ത്തുണ്ടുകള്‍ ത'ന്നാവിഷ്കാര'പ്പൊലിമകളോ ?

- തുറന്നുവച്ച വിശപ്പിന്‍റെ ജീര്‍ണ്ണ-
  വിരിപ്പുകള്‍
  ഞെരിഞ്ഞുലഞ്ഞു നാറുന്ന
  കട്ടിലിളക്കങ്ങളോ ?

- മഴുത്തായകള്‍ക്ക് കരള്‍ കൊടുത്ത
  മാമരങ്ങളുടെ അടിവേരറുക്കും
  മാഫിയക്കൈകളിലെ
  മണികിലുക്കങ്ങളോ?

- യന്ത്രോത്സവങ്ങളുടെ കടല്‍ -
  യാനത്തിരയടികളില്‍, നിയോഗ-
  യോഗം മറന്നു ഗമിക്കും
  യുഗയൂദാസുകള്‍ തന്‍ അങ്കക്കലികളോ?

- ഇന്ദ്രിയഗോചരശബ്ദവീചികളന്ധ-
  വഴികളായി ,മൊഴികളായി
  സംവദിക്കുന്നതിനാലാവാം
  തിരിച്ചറിയുന്നില്ലിപ്പോള്‍
  സുബോധങ്ങളു,മബോധങ്ങള്‍ തന്‍
  അപശബ്ദങ്ങള്‍ .................!!!

                  **************
33 comments:

 1. ഹൊ..ന്താത്‌ ഇക്കാ..
  ഇടവേളക്ക്‌ ശേഷം ഇത്രേം പേടിപ്പിക്കണൊ..
  നിയ്ക്കിന്ന് ഉറങ്ങണ്ടേ.. :(

  ശുഭരാത്രി..!

  ReplyDelete
 2. സമകാലികലോകത്തിലെ ദുരിത,ദുഷ്ടസമസ്യകളിലേക്ക് കാവ്യബിംബങ്ങളിലൂടെയുള്ള ഈ കൈച്ചൂണ്ടല്‍ മനസ്സിനെ സംഭ്രമിപ്പിക്കുന്നു.അവസാന വരികളിലെ സൂചനകളില്‍ത്തന്നെ മനസ്സെത്തിനില്‍ക്കുന്ന അവസ്ഥ.ഇടവേളയ്ക്ക് ശേഷമുള്ള മറ്റൊരു മനോഹരമായ കാവ്യദര്‍ശനം.പ്രിയസുഹൃത്തിന് അഭിനന്ദനങ്ങള്‍ ..ആശംസകള്‍

  ReplyDelete
 3. ചെറിയൊരു ഇടവേളക്കു ശേഷം, രോഷത്തിന്റെ ബിംബകൽപ്പനകളാൽ കൊരുത്ത മറ്റൊരു കാവ്യശിൽപ്പം. അന്ധകാരജടിലമായ ലോകത്ത് എല്ലാവർക്കും വഴിപിഴക്കുന്നു. ഒന്നും തിരിച്ചറിയാനാവാതെ നാം ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് യാത്ര ചെയ്യുന്നു.....

  കവിതയിൽ പ്രതിദ്ധ്വനിക്കുന്നത് ആത്മരോഷത്തിന്റെ അഗ്നിജ്വാലകൾ.....

  ReplyDelete
 4. ശക്തമായ വാക്കുകളിലടങ്ങിയ പ്രതിഷേധം .നന്നായി മാഷേ

  ReplyDelete
 5. ഇത്ര നാളുമെങ്ങുപോയി ..? സ്നേഹാർദ്ര യാമമേ .....

  പുതുവർഷത്തിന്റെ തുടക്കത്തിൽ ഒരു കവിതയും സമ്മാനിച്ച് പോയതല്ലേ അങ്ങ് ..?

  അടുത്തിടയ്ക്ക് ഒരു ബ്ലോഗിൽ കമന്റുമായി അങ്ങയെ കണ്ടപ്പോൾ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു . ഇപ്പോളത് സത്യമായി. കൂടുതലൊന്നും പറയുന്നില്ല . ഈ വരവ് തന്നെ സന്തോഷം . കവിത നന്നായി. ഇൻഷാ അല്ലാഹ് ഇനിയും പ്രതീക്ഷിക്കുന്നു.


  ശുഭാശംസകൾ................

  ReplyDelete
 6. ആത്മരോഷത്തില്‍നിന്നുയിര്‍കൊണ്ട നൊമ്പരപൂക്കളുടെ
  വിങ്ങല്‍ ആശങ്കയുണര്‍ത്തുന്നു മാഷെ.
  സാധാരണക്കാരന്‍റെ മനസ്സിന്‍റെ വിഹ്വലത തൊട്ടറിഞ്ഞ്
  അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍
  ആശംസകളോടെ

  ReplyDelete
 7. സുഖാണൊ മാഷെ, ഒരു പാടായി ഇവിടെ വന്നിട്ട്..


  "രാവിഴയും വിഷപ്പേടികള്‍""""" "

  തുറന്നുവച്ച വിശപ്പിന്‍റെ ജീര്‍ണ്ണ-
  വിരിപ്പുകള്‍
  ഞെരിഞ്ഞുലഞ്ഞു നാറുന്ന
  കട്ടിലിളക്കങ്ങളോ ?

  മഴുത്തായകള്‍ക്ക് കരള്‍ കൊടുത്ത
  മാമരങ്ങളുടെ അടിവേരറുക്കലുകള്‍"
  "

  പലയിടത്തും മാഷിന്റേത് കൈക്കരുത്തുള്ള കവിതയാകുന്നു

  ReplyDelete
 8. അപശബ്ദങ്ങളാണെങ്ങും

  ആശ്വാസശബ്ദങ്ങള്‍ വിരളം

  കവിത ശക്തം

  ReplyDelete
 9. പ്രിയ വര്‍ഷിണി,തുടക്കം നന്നായി.പേടിപ്പിച്ചുവോ ?എങ്കില്‍ സന്തോഷം.പേടിക്കണം നമ്മുടെ ഓരോ ദിനക്കാഴ്ച്ചകളും വാര്‍ത്തകളും.അങ്ങിനെയല്ലേ...?സാദരം നന്ദി.(പേടിക്കരുതേ ...)

  ReplyDelete
 10. പ്രിയ സുഹൃത്ത് ആറങ്ങോട്ടുകര...എങ്ങിനെ നന്ദി പറയണം ?അറിഞ്ഞുകൂടാ!അത്രമാത്രം സന്തോഷിപ്പിക്കുന്നു ഈ ധന്യ സഹകരണം...
  ____________എന്താണ് ബ്ലോഗ്‌ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ലല്ലോ ?അടുത്തു തന്നെ വായിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ നന്ദി,വീണ്ടും...വീണ്ടും ...!

  ReplyDelete
 11. എങ്ങും അപശബ്ദങ്ങള്‍ മാത്രമേയുള്ളൂ...ആശ്വാസശബ്ദങ്ങളും,അനുകമ്പശബ്ങ്ങളും വിരളം....നന്നായി മാഷേ

  ReplyDelete
 12. കൊള്ളാം, ശക്തം, സ്പാർക്കിങ്ങ്

  ആശംസകൾ

  ReplyDelete
 13. കണ്ണും കാതും അടച്ചുവെച്ചു ജീവിക്കാന്‍ വയ്യാത്തവന്റെ വേദന ശക്തമായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 14. ശകത്മായ കവിത.. നമുക്ക് ഇന്ന് ഇങ്ങിനെ ഒക്കെ പ്രതികരിക്കാനേ കഴിയുന്നുള്ളൂ എന്നാലോചിക്കുമ്പോള്‍ .... :(

  ReplyDelete
 15. ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്കുള്ള പ്രയാണത്തില്‍ ഒരു കൈത്തിരി കൊളുത്തുക നാം അല്ലെ,പ്രിയ സുഹൃത്ത് പ്രദീപ്‌ മാഷ്‌.../
  ഈ വഴിയില്‍ പ്രചോദനമേകുന്ന മാഷിനു സാദരം നന്ദി...

  ReplyDelete
 16. നന്ദി,ഹൃദയപൂര്‍വ്വം....ഫൈസല്‍ ബാബു..

  ReplyDelete
 17. പ്രതിഷേധം നന്നായി ....
  ശുഭാശംസകൾ................

  ReplyDelete
 18. നല്ല പ്രതിശേദം ആശംസകള്‍

  ReplyDelete
 19. ഉറക്കം കെടുത്തുന്ന ശബ്ദഘോഷങ്ങള്‍...പ്രതിഷേധത്തിന്‍റെ സ്വരം..നന്നായി മാഷേ

  ReplyDelete
 20. അക്ഷരങ്ങള്‍ കൊണ്ട് ശബ്ദമുണ്ടാക്കി . ശക്തമായ വരികള്‍ കൂട്ടിവെച്ച ഈ പ്രധിഷേധം ഇഷ്ടമായി .ഒത്തിരി സ്നേഹത്തോടെ നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 21. പ്രിയ സൗഗന്ധികം...ഇടക്കൊന്നു 'മുങ്ങല്‍'എന്‍റെ ഇപ്പോഴത്തെ ഒരു 'ഹാബിറ്റ്'ആയിരിക്കുന്നു.കുറേ 'പൊങ്ങി'നടന്നിട്ടുണ്ട് (ഇവിടെയല്ല ട്ടോ,ജീവിതത്തില്‍ !)അതായിരിക്കാം........
  ഈ ആശ്വാസവചസ്സുകള്‍ തേന്‍ പുരട്ടുന്നുണ്ട് 'പോള്ളലുകളില്‍'! എങ്ങിനെ നന്ദി പാറയണമെന്ന് അറിയുന്നില്ല.ഈ സാന്നിധ്യം എപ്പോഴും ഇവിടെയുണ്ടാവണേയെന്നു ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു. നന്ദി,നന്ദി....

  ReplyDelete
 22. പ്രിയപ്പെട്ട Cv T...ഉള്ളില്‍ തൊട്ട നന്ദി...

  ReplyDelete
 23. പ്രിയ വഴിമരങ്ങള്‍ ...ഈ നല്ല വാക്കുകള്‍ നെഞ്ചേറ്റുന്നു.സുഖം.ഒരു പാടൊരുപാട് നന്ദി.

  ReplyDelete
 24. Dear ajith...നല്ല വാക്കുകള്‍ക്കു നന്ദി.സന്തോഷം !

  ReplyDelete
 25. പ്രിയ സുഹൃത്ത് മനോജ്.എം.ഹരിഗീതപുരം...താങ്കളുടെ കുറെ പോസ്റ്റുകളില്‍ കണ്ണെത്തിയിട്ടില്ല.എന്നോട് ക്ഷമിക്കുക.കീ ബോര്‍ഡു ചിലപ്പോള്‍ വിരലുകളെ വല്ലാതെ വേദനിപ്പിക്കും.മോണിറ്റര്‍ കണ്ണുകളെയും.അപ്പോള്‍ അധിക നേരം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.അതു കൊണ്ടാണ്.(ഈ Retired മാഷുമാരുടെ ഒരു കാര്യേ...?!!)നന്ദി ട്ട്വാ...സന്തോഷം !

  ReplyDelete
 26. പ്രിയ സുഹൃത്ത് ഷാജു.വളരെ സന്തോഷം.നന്ദി...എന്‍റെ ഉള്ളിലും ഒരു സ്പാര്‍ക്കിംഗ്...!!

  ReplyDelete
 27. പ്രിയ ഭാനു മാഷ്‌....
  വളരെ നന്ദി..സന്തോഷം....

  ReplyDelete
 28. My dear Absar.....നന്ദി നാട്ടുകാരാ.സലാം !

  ReplyDelete
 29. പ്രിയ മൂസാ ..താങ്കളുടെ ബ്ലോഗില്‍ എത്തിയിട്ടില്ല.വരാം ട്ടോ.ഇന്ഷാ അല്ലാഹ്.നന്ദി -ഈ സുസ്വരങ്ങള്‍ക്ക്!

  ReplyDelete
 30. പ്രിയ സീതാ ...ഓരോ ദിനവും നമ്മള്‍ മനുഷ്യര്‍ തേടിക്കൊണ്ടിരിക്കുന്നു.ദൈവമേ ഒരു നല്ല നാളെ പിറക്കേണമേ.ശ്രീദേവിയുടെ കഥകളും അതാണല്ലോ?സന്തോഷം.നന്ദി ...

  ReplyDelete
 31. എന്‍റെ 'കുഞ്ഞു മയില്‍‌പ്പീലി (ഷാജി)വളരെ വളരെ സന്തോഷം.നന്മയുടെ നന്ദി....

  ReplyDelete
 32. പ്രിയ ഇരിമ്പിളിയം മമ്മുക്കുട്ടിക്ക, ഞാന്‍ ഒരു പാപ്പിനിശ്ശേരിക്കാരി.പ്രബോധനം,ആരാമം വഴി താങ്ങളുടെ സ്ഥിരം വായനക്കാരിയാണ്.പലപ്പോഴും കവിതകള്‍ വീട്ടില്‍ ചര്‍ച്ചയായിട്ടുമുണ്ട് ഈയടുത്തു മാത്രം ബ്ലോഗുമായി പരിചയപ്പെട്ടതാണ്.ഒരിറ്റ്‌ കാണുവാനും വായിക്കുവാനും സാധിച്ചതില്‍ സന്തോഷം.വായിച്ചതാനെങ്കിലും ചിലത് വീണ്ടും വായിച്ചു.ഈ എളിയവളുടെ എല്ലാ ഭാവുകങ്ങളും

  ReplyDelete
 33. നല്ല ചിന്തകള്‍, അവതരണം.
  അപശബ്ദങ്ങള്‍ - അപസ്വരങ്ങള്‍ ജീവിതത്തിന്റെതന്നെ താളം തെറ്റിക്കുന്നു. ഏതു തുറകളിലും ഇത് പ്രകടമാണ്. അത് ആകുന്നതും ഒഴിവാക്കാന്‍ നോക്കുക.

  സ്വരങ്ങളേ സപ്തസ്വരങ്ങളേ
  വിരിയൂ, രാഗമായ് താളമായ്.....

  അല്ലെങ്കില്‍ പ്രശ്നമാണേ.

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers