Pages

Ads 468x60px

..

Sunday, July 01, 2012

രക്തസാക്ഷികള്‍


അസ്തമിച്ചാലുമസ്തമിക്കാതെ
സ്വാസ്ഥ്യം പകര്‍ന്നെത്തുമേതു
കൊടുംതമസ്സിലും
ദീപ്തപ്രദീപ്തമീ ജയസൂര്യന്‍ .

കനലെരിയുമായിരമഗ്നി -
കുണ്ഡങ്ങളിലുയിരുരുക്കിയുരുക്കി
പത്തല്ല ,പതിനായിരം മാറ്റില്‍
സ്ഫടികസ്ഫുടമീയുജ്ജ്വല താരകം .

വേട്ടവിരുതുകള്‍ കവര്‍ന്നെടുക്കും
വിശുദ്ധജീവനതിന്‍ നെഞ്ചകം
പിച്ചിക്കീറി പച്ചക്കരള്‍
ചവച്ചുതുപ്പും കുടിപ്പകകളില്‍ ;

കൂരിരുട്ടിന്റെ കാട്ടുമൃഗ
കരാളദംഷ്ട്രകളില്‍
ഇരയായി പിടയും നിരാലംബ -
നിമിഷ സന്ദിഗ്ദ്ധതകളില്‍ ;

അധര്‍മ്മത്തിന്‍ ദുര്‍മുഖങ്ങള്‍
രക്തബന്ധങ്ങളിലായാലും
നേര്‍ക്കുനേരങ്കക്കലിമുഴക്കും
സംഗ്രാമഭൂമികളില്‍ ;

വാക്കും വാളുമെടുത്ത് , നേര്‍ -
വാക്കിന്‍ ജീവനാഡിക്ക്
കത്തിവെച്ചു ചോര കത്തിക്കും
നിശിതഭാഷാഗ്നിശരപ്പെയ്ത്തുകളില്‍ ;

ഭ്രൂണങ്ങള്‍ വരെയിളം വേരുകള്‍ തന്‍
കണ്ണും കരളും തുരന്നെടുക്കും
വംശവെറികള്‍ ,നരഹത്യക്ക്
ക്രൂരജല്പനങ്ങള്‍ ചമക്കവേ ;

ക്ഷമയുടെ ജ്ഞാനവെട്ടങ്ങളില്‍
തളരാതെ , താങ്ങായി നില്‍ക്കും
നിഷ്ക്കാമ സത്യസാക്ഷികളവര്‍ ,
ശുഷ്ക്കമെന്നാലുമുലകം പടക്കുന്നവര്‍ !

സദ്‌പുത്രരവരെ പ്രതി
വീരപ്രസുവാകുന്നു പെറ്റമ്മയും ,
വിശ്രുത വരവേല്‍പ്പുകളാല്‍
സുസ്വാഗതമരുളുന്നു,ധര്‍മ്മകുലങ്ങളും .

________________
(ചിത്രം-ഗൂഗ്ള്‍ )

******
ഇതാ ....ഇവിടെയും വായിക്കാം >>>>NATTUPACHA
***********

19 comments:

 1. ജീവനാഡി എന്നല്ലേ ഉദ്ദേശിച്ചത്? ചില ഇമേജുകള്‍ അസ്സലായിട്ടുണ്ട്.എങ്കിലും വാക്കിന്റെ തള്ളിക്കയറ്റം ഭാവം ചോര്‍ത്തുന്നു.എല്ലാഭാവുകങ്ങളും.

  ReplyDelete
 2. സത്യസാക്ഷികളവര്‍ ,
  ശുഷ്ക്കമെന്നാലുമുലകം പടക്കുന്നവര്‍ !
  .....അതെ..അവര്‍ക്ക് വീണ്ടും വീണ്ടും സ്വാഗതമോതാം..
  അര്‍ത്ഥവത്തായ വാക്കുകള്‍ .. അഭിനന്ദനങ്ങള്‍ ..

  ReplyDelete
 3. പ്രിയ രമേഷ് സുകുമാരന്‍ ,തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.'ജീവനാഡി'എന്നു തിരുത്തി.വളരെ സന്തോഷം ഈ വരവിനും ചിന്താര്‍ഹമായ അഭിപ്രായത്തിനും.
  വീണ്ടും നന്ദി ....

  ReplyDelete
 4. പ്രിയസുഹൃത്ത് ആറങ്ങോട്ടുകര മുഹമ്മദ്‌, വിലപ്പെട്ട ഈ അഭിപ്രായ സാന്നിധ്യമാണ് എന്റെ ഊര്‍ജ്ജവും പ്രയാണ പ്രചോദനവും.നന്ദി, കടപ്പാടുകളോടെ.

  ReplyDelete
 5. ശക്തമായ മനോ വ്യഥയാണീ വരികളില്‍ അഗ്നിപടര്തിയത് ... എന്ന് ഞാന്‍ കരുതുന്നു ..
  അതി ശക്തമാണീ വരികളും ... നേരിന്റെ രക്തസാക്ഷി മറവിയില്‍ മറയാതിരിക്കട്ടെ....
  ആശംസകള്‍ മാഷേ.......

  ReplyDelete
 6. വെളിച്ചമില്ലാത്ത ഈ ലോകത്തിൽ ഇനിയും ചുവപ്പുതുപ്പും, കൂരിരുട്ടിൽ ആ കാട്ടാളർ മനുഷ്യ മനസുകളിൽ മുറിവ് ഏൽപ്പിക്കും

  ഒരു നൂറ് അമ്മ കണ്ണീരുകൾ ഇനിയും നാം കാണേണ്ടി വരും നാളെയും

  ആശംസകൾ

  ReplyDelete
 7. രണ്ടു തവണ വായിക്കേണ്ടി വന്നെന്കിലുമെന്തെ ... നേരരിവിന്റെ വരികള്‍.. ആശംസകള്‍ ഇക്കാ..

  ReplyDelete
 8. വീരപ്രസു പോലുള്ള ചില കഠിനപദങ്ങൾ കാവ്യസൗന്ദര്യം കെടുത്തിയോ മാഷെ. എനിക്കു തോന്നിയതാവും.

  സമൂഹത്തിനു നേരെ കണ്ണും കാതും തുറന്നു വെച്ചിരിക്കുന്ന ഒരു മനസ്സിന്റെ ബഹിർസ്ഫുരണം. നല്ല കവിതയായി.....

  ReplyDelete
 9. അര്‍ത്ഥവത്തായ വരികള്‍...

  ReplyDelete
 10. ക്ഷമയുടെ ജ്ഞാനവെട്ടങ്ങളില്‍
  തളരാതെ , താങ്ങായി നില്‍ക്കും
  നിഷ്ക്കാമ സത്യസാക്ഷികളവര്‍ ,
  ശുഷ്ക്കമെന്നാലുമുലകം പടക്കുന്നവര്‍ !

  ഉലകം പിടിക്കുന്നവര്‍ മാത്രമല്ലവര്‍, ഉലകത്തെ കീഴ്മേല്‍ മറിക്കുന്നവര്‍, ദിശ കാട്ടുന്നവര്‍, മുന്‍പേ ഗമിക്കുന്നവര്‍. ആശംസകള്‍

  ReplyDelete
 11. ചില കഠിനപദങ്ങൾ കാവ്യസൗന്ദര്യം കെടുത്തിയോ എന്ന പ്രദീപ്‌ കുമാറിന്റെ സംശയം ഞാനും ആവര്‍ത്തിക്കട്ടെ.

  ReplyDelete
 12. ശക്തമായ വരികള്‍...എന്നത്തേയും പോലെ....നന്ദി ഇക്ക...!

  സുപ്രഭാതം...!

  ReplyDelete
 13. ദുഃഖങ്ങള്‍ വരികളായി പിറവിയെടുക്കുന്നത് കവിതയിലൂടെ മാത്രമാണ്. ഗദ്യത്തിന് പോലും അത്ര മേല്‍ അതിനെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. നന്ദി!

  ReplyDelete
 14. രോക്ഷം അടങ്ങാത്തെ മാഷ്‌.!,
  കഴിഞ്ഞ കവിതയും മന്സില്‍നിന്നു മാഞ്ഞിട്ടില്ല.

  ReplyDelete
 15. വായിച്ചൂട്ടോ മാഷെ ഇത്തിരി തിരക്കായി പോയി ..നന്നായിട്ടുണ്ട് പോസ്റ്റ്‌

  ReplyDelete
 16. സമൂഹത്തില്‍ നടമാടുന്ന അനീതിക്കും,അക്രമത്തിനും
  എതിരെ ഉയര്‍ത്തുന്ന തീക്ഷണമായ വരികള്‍!! !!!!
  ആശംസകള്‍

  ReplyDelete
 17. എന്നത്തേയും പോലെ ശക്തമായ വരികൾ..!!

  ReplyDelete
 18. ഭാവതീവ്ര വരികൾ ..ഇണങ്ങുന്ന വാക്കുകൽ ..സൽചിന്തകൾ ..ആശംസകൾ സാർ

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge