ഇടതു 'പക്ഷ'ത്തിനായിരുന്നു
ആദ്യത്തെ വെട്ട് !
കറുത്ത പനിയായി കടുത്തുവന്നുവത്രേ
വിറളി പിടിച്ച 'പോളിയോ '.....
പറക്കമുറ്റിയ കുഞ്ഞിന്റെ -
ഒരു ചിറകങ്ങിനെ അറ്റുവീണു...!!
സ്നേഹിച്ചവരെയെല്ലാം
ഉടപ്പിറന്നോര്‍ക്കായി
സംപ്രീതിയോടെ
'കുരുതി' കൊടുത്തു .....
സമയം തെറ്റിയ -
പെയ്ത്തൊഴുക്കില്‍
കുളിര്‍ കോരും കടവിലേക്ക്
ഒരോട്ടത്തോണി എനിക്കായി
കരം തൊട്ടു ,കരേറാന്‍...!!
വേനല്‍ കിതപ്പിന്‍ മരുച്ചൂടില്‍
തളിരിട്ടു വന്ന കിനാക്കള്‍ക്ക്
കുളിരിട്ട പൊന്നോമലും കരള്‍
പറിച്ചെടുത്തു പറന്നകന്നു -
അങ്ങു ദൂരെ ദൂരെ ....!
നിനക്കാത്ത പ്രവാതത്തിന്‍ -
ദുര്‍ഗതിയിലാ നറു വെട്ടവും
കരിന്തിരി പുകച്ചു .......!!
പിന്നെയും -
വെട്ടും വെട്ടവും മാറി മാറി വന്ന്
ജീവിതം വായിച്ചു പഠിച്ചു,ഞാനും !
പടച്ചവന്‍റെ -
നിരീക്ഷണ - പരീക്ഷണങ്ങളെന്നു
പലരും തലോടിപ്പറഞ്ഞു .
എന്നാലുമെല്ലാമെന്റെ പിഴ -
യെന്നു പറയാനാണ്,എനിക്കിഷ്ടം.
അര്‍ത്ഥന ഒന്നു മാത്രമീ സായംസന്ധ്യയിലും
പാഴാക്കരുതേ നാഥാ പാരത്രികം ...........
_____________________
17/09/2016 Mohammed kutty, Irimbiliyam.
***************
ശരിക്കുമങ്ങോട്ട് മനസ്സിലായില്ല..
ReplyDeleteഇതു എന്‍റെ ജീവിതത്തിന്‍റെ ഒരു പരിഛേദമാണ് പ്രിയ സുധീ ...
Deleteജീവിതം ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം.വായിക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തിയത് മുമ്പൊരിക്കല്‍ താങ്കള്‍ കുറിച്ച മകളുടെ വേര്‍പ്പാടിനേക്കുറിച്ചാണ്. ജീവിതപരീക്ഷണങ്ങളില്‍ തളരാതെ,പ്രതികൂല കാലഗതിയില്‍ വിശ്വാസദീപങ്ങള്‍ കെടാതെ പിടിച്ചുനില്‍ക്കാന്‍ പടച്ചവന്‍ എപ്പോഴും ശക്തി നല്‍കട്ടെ..
ReplyDeleteഉള്ളറിഞ്ഞ നേരഭിപായത്ത്തിന്റെ മൂല്യം അഭിനന്ദനാര്‍ഹം ...സാദരം നന്ദി .
Deleteഇക്കാ മനസ്സ് ശരിക്കും നൊന്തു ...ഇപ്പോഴും മനസ്സില്‍ പച്ചച്ചോര പൊടിക്കുന്ന ഇക്കയുടെ ഇന്നലെകള്‍ എന്റെയും കൂടി ദുഖമാണ് ....മോഹിച്ചു കിട്ടിയ ചിറകുകള്‍ കാലം കരിച്ചു കളഞ്ഞാലും മണ്ണില്‍ ഇഴഞ്ഞു നടക്കുന്ന പ്രതീക്ഷകള്‍ എന്നും നമ്മുക്ക് കൂട്ടിനുണ്ടായിരിക്കട്ടെ ....പ്രാര്‍ഥനകള്‍
ReplyDeleteനോവിന്റെ 'വര്‍ണ്ണ'ങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിച്ച പ്രിയ കവേ നന്ദി ...നന്ദി !
Deleteഅര്‍ത്ഥന ഒന്നു മാത്രമീ സായംസന്ധ്യയിലും
ReplyDeleteപാഴാക്കരുതേ നാഥാ പാരത്രികം ..........
നന്മകള്‍ നേരുന്നു മാഷേ
Thank u very much dear Sir.....
Delete